അഫ്ഗാനോട് പരാജയമേറ്റുവാങ്ങിയ ടീമിനെതിരെ വിമര്‍ശനവുമായി നസ്മുള്‍ ഹസന്‍

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റില്‍ പരാജയപ്പെടുത്തിയ ടീമിനെതിരെ വിമര്‍ശനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ചട്ടോഗ്രാമില്‍ നടന്ന ടെസ്റ്റില്‍ മഴ അവസാന ദിവസത്തെ കളി ഏറെക്കുറെ പൂര്‍ണ്ണമായും തടസ്സപ്പെടുത്തിയെങ്കിലും ലഭിച്ച അവസരം മുതലാക്കി അഫ്ഗാനിസ്ഥാന്‍ വിജയം കുറിയ്ക്കുകയായിരുന്നു. മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയത് അഫ്ഗാനിസ്ഥാനായിരുന്നു. ബംഗ്ലാദേശിനെക്കാള്‍ ബാറ്റിംഗിലും ബൗളിംഗിലും മികവ് പുലര്‍ത്തിയ അഫ്ഗാനിസ്ഥാന്‍ അര്‍ഹമായ വിജയം കരസ്ഥമാക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനെ നേരിടുവാനുള്ള പദ്ധതികളുണ്ടായിരുന്നുവെങ്കിലും അതൊന്നും വിചാരിച്ച പോലെ നടന്നില്ലെന്നാണ് നസ്മുള്‍ പറഞ്ഞത്. തങ്ങള്‍ ആവശ്യപ്പെട്ട സ്പിന്‍ സൗഹൃദ ട്രാക്കല്ല ലഭിച്ചതെന്ന് ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞിരുന്നു. പേസര്‍മാരില്ലാതെ ഇറങ്ങിയ ടീം വിചാരിച്ചത് സ്പിന്‍ അനുകൂല പിച്ചാവും തയ്യാറാക്കുക എന്നായിരുന്നു. എന്നാല്‍‍ ഈ തീരുമാനത്തെ ന്യായീകരിച്ച് ബോര്‍ഡ് അംഗങ്ങളെ വിശ്വാസത്തിലെടുക്കേണ്ടത് ഇപ്പോള്‍ ടീം മാനേജ്മെന്റിന്റെ ദൗത്യമായിട്ടുണ്ടെന്നും നസ്മുള്‍ പറഞ്ഞു.

കോച്ചിനോട് ക്യാപ്റ്റനോടും താന്‍ ഇതിനെക്കുറിച്ച് സംസാരിക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് ചര്‍ച്ച ചെയ്യുമെന്നും നസ്മുള്‍ അറിയിച്ചു. വിജയത്തിന്റെ പൂര്‍ണ്ണ ക്രെഡിറ്റും അഫ്ഗാനിസ്ഥാന്‍ അര്‍ഹിക്കുന്നുവെന്നും നസ്മുള്‍ ഹസന്‍ പറഞ്ഞു. ടെസ്റ്റ് മാച്ച് എങ്ങനെ കളിക്കണമെന്നത് അഫ്ഗാനിസ്ഥാന്‍ കാണിച്ച് തന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാക്കിബോ, മുഷ്ഫിക്കുറോ റിയാദോ അര്‍ദ്ധ ശതകം നേടിയിരുന്നുവെങ്കില്‍ ബംഗ്ലാദേശിന് വിജയം നേടുവാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും എന്നാല്‍ ടീം ടെസ്റ്റ് കളിക്കേണ്ട രീതിയില്‍ അല്ല മത്സരത്തെ സമീപിച്ചതെന്നും നസ്മുള്‍ അഭിപ്രായപ്പെട്ടു.