Rachinravindra

ശതകങ്ങളുമായി രവീന്ദ്രയും വില്യംസണും, ന്യൂസിലാണ്ടിന് കൂറ്റന്‍ സ്കോര്‍

ചാമ്പ്യന്‍സ് ട്രോഫിയുടെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിന് വേണ്ടി രച്ചിന്‍ രവീന്ദ്രയും കെയിന്‍ വില്യംണും ശതകങ്ങള്‍ നേടിയപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തിൽ 362 റൺസ് എന്ന മികച്ച സ്കോറാണ് ന്യൂസിലാണ്ട് നേടിയത്. അവസാന ഓവറുകളിൽ ഡാരിൽ മിച്ചലും ഗ്ലെന്‍ ഫിലിപ്പ്സും അടിച്ച് തകര്‍ത്തപ്പോള്‍ ന്യൂസിലാണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ പടുകൂറ്റന്‍ ലക്ഷ്യമാണ് നൽകിയത്.

48 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ വിൽ യംഗ് – രച്ചിന്‍ രവീന്ദ്ര കൂട്ടുകെട്ടിനെ ലുംഗിസാനി എന്‍ഗിഡി തകര്‍ത്തപ്പോള്‍ 21 റൺസ് നേടിയ വിൽ യംഗിനെയാണ് ന്യൂസിലാണ്ടിന് ആദ്യം നഷ്ടമായത്.

പിന്നീട് രണ്ടാം വിക്കറ്റിൽ രച്ചിന്‍ രവീന്ദ്ര – കെയിന്‍ വില്യംസൺ കൂട്ടുകെട്ട് മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ന്യൂസിലാണ്ട് കരുതുറ്റ് സ്കോറിലേക്ക് നീങ്ങി.

രച്ചിന്‍ രവീന്ദ്ര തന്റെ ഐസിസി മത്സരയിനത്തിലെ അഞ്ചാം ശതകം നേടിയപ്പോള്‍ ന്യൂസിലാണ്ട് 200 എന്ന സ്കോറും കടന്ന് മുന്നോട്ട് നീങ്ങി. കെയിന്‍ വില്യംസണും അനായാസം ബാറ്റ് വീശിയപ്പോള്‍ കൂറ്റന്‍ സ്കോറിലേക്ക് ന്യൂസിലാണ്ട് എത്തുമെന്ന് ഉറപ്പായി.

ശതകം നേടി അധികം വൈകാതെ രവീന്ദ്രയെ ന്യൂസിലാണ്ടിന് നഷ്ടപ്പെടുകയായിരുന്നു. 174 റൺസാണ് ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. തുടര്‍ന്ന് കെയിന്‍ വില്യംസൺ തന്റെ ശതകം പൂര്‍ത്തിയാക്കിയെങ്കിലും 102 റൺസ് നേടി താരവും പുറത്തായി.

ഡാരിൽ മിച്ചലും ഗ്ലെന്‍ ഫിലിപ്പ്സും അതിവേഗ സ്കോറിംഗുമായി ന്യൂസിലാണ്ടിനെ 300 കടത്തിയപ്പോള്‍ മിച്ചൽ 49 റൺസ് നേടി പുറത്തായി. ഫിലിപ്പ്സ് 27 പന്തിൽ പുറത്താകാതെ 49 റൺസാണ് നേടിയത്.

Exit mobile version