Viratkohli

മധുര പ്രതികാരം!!! ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍

ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 264 റൺസിന് പുറത്തായപ്പോള്‍ ഇന്ത്യ 48.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 267 റൺസ് നേടിയാണ് വിജയം കരസ്ഥമാക്കിയത്.

വിരാട് കോഹ്‍ലിയുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ശ്രേയസ്സ് അയ്യര്‍, കെഎൽ രാഹുല്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനവും അക്സര്‍ പട്ടേൽ, ഹാര്‍ദ്ദിക് പാണ്ഡ്യ, രോഹിത് ശര്‍മ്മ എന്നിവരുടെ നിര്‍ണ്ണായക സംഭാവനകളും ഇന്ത്യയുടെ വിജയത്തിന് സഹായിച്ചു.

പവര്‍പ്ലേയ്ക്കുള്ളിൽ ശുഭ്മന്‍ ഗില്ലനെ (8)നഷ്ടമായ ഇന്ത്യയ്ക്ക് എട്ടാം ഓവറിൽ രോഹിത്തിനെയും നഷ്ടമായി. 28 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിൽ 43 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നു.

ആ ഘട്ടത്തിൽ നിന്ന് വിരാട് കോഹ്‍ലി ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 91 റൺസ് നേടിയെങ്കിലും 45 റൺസ് നേടിയ ശ്രേയസ്സ് അയ്യരെ ആഡം സംപ ബൗള്‍ഡാക്കി ഈ കൂട്ടുകെട്ട് തകര്‍ത്തു.

51 റൺസിൽ കോഹ്‍ലിയെ കൈവിട്ടത് ഓസ്ട്രേലിയയ്ക്ക് തലവേദനയാകുകയായിരുന്നു. അക്സറുമായി 44 റൺസും കെഎൽ രാഹുലുമായി 47 റൺസും കോഹ്‍ലി ഇന്ത്യയ്ക്കായി നേടി.

അക്സര്‍ 27 റൺസ് നേടി പുറത്തായപ്പോള്‍ കോഹ്‍ലി 84 റൺസ് നേടിയാണ് പുറത്തായത്. കോഹ്‍ലിയുടെ വിക്കറ്റും ആഡം സംപയ്ക്കായിരുന്നു. 46 ഓവറിൽ ഇന്ത്യ 238/5 എന്ന നിലയിലായിരുന്നു. സംപ എറിഞ്ഞ 47ാം ഓവറിലെ ആദ്യ മൂന്ന് പന്തിൽ മൂന്ന് റൺസ് മാത്രം വന്നപ്പോള്‍ അവസാന രണ്ട് പന്തിൽ തുടരെ സിക്സറുകള്‍ നേടി ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ ലക്ഷ്യം 18 പന്തിൽ 12 റൺസാക്കി മാറ്റി.

48ാം ഓവറിൽ ഹാര്‍ദ്ദിക് പുറത്താകുമ്പോള്‍ ഇന്ത്യ വിജയത്തിന് 6 റൺസ് അകലെയായിരുന്നു. 24 പന്തിൽ നിന്ന് 28 റൺസാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നേടിയത്. രാഹുലും ഹാര്‍ദ്ദിക്കും ചേര്‍ന്ന് നി‍ര്‍ണ്ണായകമായ 34 റൺസാണ് ആറാം വിക്കറ്റിൽ നേടിയത്.

മാക്സ്വെൽ എറിഞ്ഞ 49ാം ഓവറിലെ ആദ്യ പന്തിൽ കെഎൽ രാഹുല്‍ സിക്സര്‍ നേടിയപ്പോള്‍ ഇന്ത്യ തങ്ങളുടെ 4 വിക്കറ്റ് വിജയം പൂര്‍ത്തിയാക്കി. കെഎൽ രാഹുല്‍ 34 പന്തിൽ നിന്ന് 42 റൺസ് നേടിയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.

Exit mobile version