അര്‍ദ്ധ ശതകങ്ങളുമായി സെദിക്കുള്ളയും ഒമര്‍സായിയും, അഫ്ഗാനിസ്ഥാന് 273 റൺസ്

ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണ്ണായക പോരാട്ടത്തിൽ  ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന് 273 റൺസ്. അവസാന പന്തിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു. ആദ്യ ഘട്ടത്തിൽ സെദിക്കുള്ളയും അവസാനത്തോടെ ഒമര്‍സായിയും ഉയര്‍ത്തിയ ചെറുത്തുനില്പാണ് അഫ്ഗാനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.

മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യ ഓവറിൽ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെ ടീമിനെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ ഇബ്രാഹിം സദ്രാനും സെദിക്കുള്ള അടലും ചേര്‍ന്ന് 67 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും ആഡം സംപ 22 റൺസ് നേടിയ സദ്രാനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു.

മാക്സ്വെൽ റഹ്മത് ഷായെയും പുറത്താക്കിയപ്പോള്‍ അഫ്ഗാന്‍ 91/3 എന്ന നിലയിലായി. നാലാം വിക്കറ്റിൽ സെദിക്കുള്ളയും ഹഷ്മത്തുള്ള ഷഹീദിയും ചേര്‍ന്ന് 68 റൺസ് നേടിയപ്പോള്‍ 85 റൺസ് നേടിയ സെദിക്കുള്ളയെ സ്പെനസര്‍ ജോൺസൺ പുറത്താക്കി. അധികം വൈകാതെ ഷഹീദിയുടെ വിക്കറ്റ് സംപ നേടി. തൊട്ടടുത്ത ഓവറിൽ നബി റണ്ണൗട്ടായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 182/6 എന്ന നിലയിലായി. ഗുൽബാദിന്‍ നൈബും വേഗത്തിൽ പുറത്തായപ്പോള്‍ 199 റൺസായിരുന്നു അഫ്ഗാനിസ്ഥാന്‍ നേടിയത്.

അവിടെ നിന്ന് അഫ്ഗാനിസ്ഥാനെ 273 റൺസെന്ന സ്കോറിലേക്ക് എത്തിച്ചത് അസ്മത്തുള്ള ഒമര്‍സായിയുടെ ബാറ്റിംഗ് പ്രകടനം ആയിരുന്നു. റഷീദ് ഖാനുമൊത്ത് (19) എട്ടാം വിക്കറ്റിൽ 36 റൺസും 9ാം വിക്കറ്റിൽ നൂര്‍ അഹമ്മദിനെ കൂട്ടുപിടിച്ച് 37 റൺസും നേടിയ താരം.

63 പന്തിൽ 67 റൺസ് നേടിയ ഒമര്‍സായി 5 സിക്സും ഒരു ബൗണ്ടറിയും ആണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ബെന്‍ ഡ്വാര്‍ഷൂയിസ് മൂന്ന് വിക്കറ്റും ആഡം സംപയും സ്പെന്‍സര്‍ ജോൺസണും രണ്ട് വിക്കറ്റും നേടി.

സെമി പ്രതീക്ഷയുമായി അഫ്ഗാൻ ഇന്ന് ഓസ്ട്രേലിയക്ക് എതിരെ, ഭീഷണി ആയി മഴ

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഫൈനലിസ്റ്റിനെ നിർണയിക്കുന്ന നിർണായക മത്സരത്തിൽ ഇന്ന് ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ലാഹോറിൽ നടക്കുന്ന മത്സരം ഒരു ക്വാർട്ടർ ഫൈനലിന് തുല്യമായ പോരാട്ടമാണ്. ഇന്ന് ജയിക്കുന്നവർക്ക് സെമി ഉറപ്പിക്കാം. ഇന്നത്തെ മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്.

2024ൽ ടി20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആഫ്ഗാം ചരിത്ര വിജയം നേടിയിരുന്നു. അത്തരത്തിൽ ഒരു ജയം ആകും അഫ്ഗാൻ ഇന്ന് ആഗ്രഹിക്കുന്നത്. മഴ മത്സരം കൊണ്ടു പോയാൽ ഓസ്ട്രേലിയ ആകും സെമിയിൽ എത്തുക. ഓസ്ട്രേലിയക്ക് ഇപ്പോൾ 3 പോയിന്റ് ഉണ്ട്. അഫ്ഗാന് 2 പോയിന്റാണ് ഉള്ളത്.

ഇന്ന് ഉച്ചക്ക് 2.30ന് നടക്കുന്ന മത്സരം ജിയോ ഹോട്സ്റ്റാറിൽ തത്സമയം കാണാം.

കളി മഴ കൊണ്ട് പോയി, ഒരു ജയം പോലും ഇല്ലാതെ പാകിസ്താനും ബംഗ്ലാദേശും ചാമ്പ്യൻസ് ട്രോഫി അവസാനിപ്പിച്ചു

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. മോശം കാലാവസ്ഥ കാരണം ഇന്ന് ടോസ് പോലും ചെയ്യാൻ ആയില്ല. രണ്ട് ടീമുകൾക്കും ഒരോ പോയിന്റ് വീതം ലഭിക്കും. ഇരു ടീമുകളും ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായതിനാൽ ഈ മത്സരം നടക്കാത്തത ആരെയും ബാധിക്കില്ല. ഇരു ടീമുകളും ഒരു മത്സരം പോലും ജയിക്കാതെ ആണ് ടൂർണമെന്റിൽ നിന്ന് പുറത്തേക്ക് പോകുന്നത്.

സെഞ്ച്വറിയ്ക്ക് ശേഷം ജോ റൂട്ട് വീണു, ഇംഗ്ലണ്ടും, 8 റൺസ് വിജയം നേടി അഫ്ഗാനിസ്ഥാന്‍

ചാമ്പ്യന്‍സ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ മികച്ച വിജയവുമായി അഫ്ഗാനിസ്ഥാന്‍. ജോ റൂട്ടിന്റെ വെല്ലുവിളി അതിജീവിച്ച് ഇംഗ്ലണ്ടിനെ 49.5 ഓവറിൽ 317 റൺസില്‍ എറിഞ്ഞിട്ടപ്പോള്‍ അഫ്ഗാനിസ്ഥാന്‍ എട്ട് റൺസ് വിജയം ആണ് നേടിയത്. അസ്മത്തുള്ള ഒമര്‍സായി 5 വിക്കറ്റുമായി ബൗളിംഗിൽ അഫ്ഗാന്‍ നിരയിൽ തിളങ്ങി. തോൽവിയോടെ ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ട്രോഫിയിൽ നിന്ന് പുറത്തായി.

ജോ റൂട്ട് ഒരു വശത്ത് മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും മറ്റ് താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ താരത്തിന് ലഭിയ്ക്കാതെ പോയതാണ് ഇംഗ്ലണ്ടിന് പ്രതിസന്ധി സൃഷ്ടിച്ചത്. 38 റൺസ് നേടിയ ബെന്‍ ഡക്കറ്റും അത്രയും തന്നെ റൺസ് നേടിയ ജോസ് ബട്‍ലറുമാണ് ഇംഗ്ലണ്ടിന്റെ മറ്റ് പ്രധാന സ്കോറര്‍മാര്‍.

അഞ്ചാം വിക്കറ്റിൽ റൂട്ടും ബട്‍ലറും ചേര്‍ന്ന് 83 റൺസാണ് നേടിയത്. ഈ കൂട്ടുകെട്ട് ക്രീസിൽ നിന്നപ്പോള്‍ ഇംഗ്ലണ്ട് അതിശക്തമായാണ് മുന്നേറിയത്.

233/6 എന്ന നിലയിൽ നിന്ന് 54 റൺസ് കൂട്ടുകെട്ട് ഓവര്‍ടണുമായി നേടി ജോ റൂട്ട് മത്സരത്തിലേക്ക് ഇംഗ്ലണ്ടിനെ തിരികെ കൊണ്ടുവരുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഒമര്‍സായി റൂട്ടിനെ പുറത്താക്കിയത്.  120 റൺസാണ് റൂട്ട് നേടിയത്.

ജാമി ഓവര്‍ട്ടണും ജോഫ്ര അര്‍ച്ചറും ടീമിനെ അവസാന മൂന്നോവറിൽ 25 റൺസെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചു. 28 പന്തിൽ 32 റൺസ് നേടിയ ജാമി ഓവര്‍ട്ടണേ ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ അസ്മത്തുള്ള ഒമര്‍സായി മത്സരത്തിലെ തന്റെ നാലാം വിക്കറ്റാണ് നേടിയത്.

അവസാന രണ്ടോവറിൽ ഇംഗ്ലണ്ട് 16 റൺസായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്. തൊട്ടടുത്ത ഓവറിൽ ജോഫ്ര ആര്‍ച്ചറെ നഷ്ടമായതോടെ ഇംഗ്ലണ്ടിന്റെ 9ാം വിക്കറ്റ് വീണു. 8 പന്തിൽ 14 റൺസാണ് ജോഫ്ര് നേടിയത്. 49ാം ഓവറിൽ നിന്ന് വെറും 3 റൺസാണ് വന്നത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 13 റൺസായി മാറി.

 

ഇതാണ് തിരിച്ചുവരവ്!!! ഇബ്രാഹിം സദ്രാന് ശതകം, റണ്ണടിച്ച് കൂട്ടി അഫ്ഗാനിസ്ഥാന്‍

ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്നത്തെ ഗ്രൂപ്പ് ബി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഇംഗ്ലണ്ടിനെതിരെ 325 റൺസ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. ജോഫ്ര ആര്‍ച്ചറുടെ തുടക്കത്തിലെ സ്പെല്ലിൽ ആടിയുലഞ്ഞ അഫ്ഗാനിസ്ഥാന്‍ മത്സരത്തിന്റെ തുടക്കത്തിൽ 37/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഇബ്രാഹിം സദ്രാനൊപ്പം മധ്യ നിരയും റൺ കണ്ടെത്തിയപ്പോള്‍ മികച്ച സ്കോറാണ് ടീം നേടിയത്.

എന്നാൽ ഇബ്രാഹിം സദ്രാനും ഹഷ്മത്തുള്ള ഷഹീദിയും നാലാം വിക്കറ്റിൽ 103 റൺസ് നേടി അഫ്ഗാനിസ്ഥാന്റെ തിരിച്ചുവരവ് സാധ്യമാക്കി. 40 റൺസ് നേടിയ ഷഹീദി പുറത്തായ ശേഷം അഞ്ചാം വിക്കറ്റിൽ 72 റൺസാണ് സദ്രാനും ഒമര്‍സായിയും ചേര്‍ന്ന് നേടിയത്.

40 ഓവറിൽ 212/5 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍ ഒമര്‍സായി പുറത്താകുമ്പോള്‍ നിലകൊണ്ടത്. 31 പന്തിൽ 41 റൺസായിരുന്നു താരം നേടിയത്.

അവസാന ഓവറുകളിൽ സദ്രാന് കൂട്ടായി മൊഹമ്മദ് നബിയും കസറിയപ്പോള്‍ അഫ്ഗാന്‍ സ്കോര്‍ 300 കടക്കുകയായിരുന്നു. നബി 24 പന്തിൽ 40 റൺസ് നേടിയപ്പോള്‍ സദ്രാന്‍ 146 പന്തിൽ നിന്ന് 177 റൺസാണ് നേടിയത്. ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 55 പന്തിൽ നിന്ന് 111 റൺസ് നേടി.

ചാമ്പ്യൻസ് ട്രോഫി, ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരം മഴ കൊണ്ടുപോയി

റാവൽപിണ്ടിയിൽ തുടർച്ചയായി പെയ്യുന്ന മഴ കാരണം ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരം ഉപേക്ഷിച്ചു. മോ കാലാവസ്ഥ തുടരുന്നതിനാൽ കളിയിൽ ടോസ് പോലും നടത്താൻ ആയില്ല.

സെമി ഫൈനൽ പ്രതീക്ഷകൾ ശക്തിപ്പെടുത്തുന്നതിന് ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമായിരുന്നു. കളി നടക്കാതിരുന്നാൽ ഗ്രൂപ്പിൽ നിന്ന് ആര് സെമി എത്തുമെന്ന് അറിയാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും. ഈ മത്സരം നടക്കാത്തതിനാൽ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും 1 പോയിന്റ് വീതം ലഭിക്കും.

ഓസ്ട്രേലിയ vs ദക്ഷിണാഫ്രിക്ക: റാവൽപിണ്ടിയിൽ മഴ കാരണം ടോസ് വൈകുന്നു

റാവൽപിണ്ടിയിൽ തുടർച്ചയായി പെയ്യുന്ന ചാറ്റൽ മഴ കാരണം ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരം വൈകി. ഇരുണ്ട കാലാവസ്ഥ തുടരുന്നതിനാൽ കളി എപ്പോൾ തുടങ്ങും എന്ന് പറയാൻ ആകാത്ത അവസ്ഥയിലാണ്.

സെമി ഫൈനൽ പ്രതീക്ഷകൾ ശക്തിപ്പെടുത്തുന്നതിന് ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്‌. കളി നടക്കാതിരുന്നാൽ ഗ്രൂപ്പിൽ നിന്ന് ആര് സെമി എത്തുമെന്ന് അറിയാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 ന് റാവൽപിണ്ടിയിൽ നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇരു ടീമുകളും സെമി ഫൈനൽ പ്രതീക്ഷകളുമായാണ് ഇന്ന് പോരിന് ഇറങ്ങുന്നത്‌. ഇംഗ്ലണ്ടിനെതിരെ റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്നതിന് പിന്നാലെയാണ് ഓസ്ട്രേലിയ വരുന്നത്‌ അതേസമയം ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ആണ് വരുന്നത്.

ഹെൻറിച്ച് ക്ലാസൻ ഫിറ്റ്‌നസ് വീണ്ടെടുത്ത് ഇന്ന് കളിക്കും എന്ന് ദക്ഷിണാഫ്രിക്കയും വിശ്വസിക്കുന്നു. ക്ലാസൻ തിരികെ എത്തുക ആണെങ്കിൽ അത് അവരുടെ ശക്തമായ ബാറ്റിംഗ് ആക്രമണത്തെ കൂടുതൽ ശക്തിപ്പെടുത്തും.

റാവൽപിണ്ടിയുടെ പിച്ച് ഉയർന്ന സ്കോറുകൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ വിജയിയെ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിക്കും.

ടെലികാസ്റ്റ്:

സംപ്രേക്ഷണം: സ്റ്റാർ സ്‌പോർട്‌സ്

തത്സമയ സംപ്രേക്ഷണം: ജിയോ ഹോട്ട്‌സ്റ്റാർ

ബ്രൈഡൺ കാർസ് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി, റെഹാൻ അഹമ്മദ് പകരക്കാരനായി ഇംഗ്ലണ്ട് ടീമിൽ

ബുധനാഴ്ച അഫ്ഗാനിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇംഗ്ലണ്ട് പേസർ ബ്രൈഡൺ കാർസ് കളിക്കില്ല. പരിക്കുമൂലം ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് അദ്ദേഹം പുറത്തായി. ലെഗ് സ്പിന്നർ റെഹാൻ അഹമ്മദിനെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ തോറ്റ ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാനെതിരെ നിർണായക പരീക്ഷണം നേരിടുന്നു. ഇന്ന് മാത്രമെ റെഹാൻ എത്തൂ എന്നുള്ളത് കൊണ്ട് തന്നെ അദ്ദേഹത്തിന് അഫ്ഗാനെതിരെ കളിക്കാൻ ആകില്ല.

ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറ്റത്തിലും ശതകം നേടി രച്ചിന്‍ രവീന്ദ്ര, ന്യൂസിലാണ്ട് വിജയത്തോടെ ബംഗ്ലാദേശും പാക്കിസ്ഥാനും പുറത്ത്

ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ആധികാരിക വിജയവുമായി ന്യൂസിലാണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 236/9 എന്ന സ്കോറിലൊതുക്കിയ ശേഷം ന്യൂസിലാണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു. 46.1 ഓവറിൽ 240 റൺസാണ് ന്യൂസിലാണ്ട് നേടിയത്.

ആദ്യ ഓവറിൽ വിൽ യംഗിനെയും നാലാം ഓവറിൽ കെയിന്‍ വില്യംസണിനെയും നഷ്ടമായ ന്യൂസിലാണ്ട് 15/2 എന്ന നിലയിൽ പ്രതിരോധത്തിലായെങ്കിലും ഡെവൺ കോൺവേ – രച്ചിന്‍ രവീന്ദ്ര കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു.

മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 57 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ 30 റൺസ് നേടിയ ഡെവൺ കോൺവേയുടെ വിക്കറ്റ് ന്യൂസിലാണ്ടിന് നഷ്ടമായി. രച്ചിന്‍ രവീന്ദ്രയ്ക്കൊപ്പം ക്രീസിലെത്തിയ ടോം ലാഥം മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ന്യൂസിലാണ്ട് വിജയത്തിലേക്ക് അടുത്തു.

ലോകകപ്പ് അരങ്ങേറ്റത്തിൽ ശതകം നേടുകയെന്ന നേട്ടം കൈവരിച്ച രച്ചിന്‍ രവീന്ദ്ര ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറ്റത്തിലും ഈ നേട്ടം കൈവരിച്ചപ്പോള്‍ ടോം ലാഥം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

നാലാം വിക്കറ്റിൽ രച്ചിന്‍ – ലാഥം കൂട്ടുകെട്ട് 129 റൺസാണ് നേടിയത്. 112 റൺസ് നേടിയ രച്ചിന്‍ രവീന്ദ്രയെ റിഷാദ് ഹൊസൈന്‍ ആണ് പുറത്താക്കിയത്.  അധികം വൈകാതെ ടോം ലാഥവും റണ്ണൗട്ട് രൂപത്തിൽ പുറത്തായി. 55 റൺസായിരുന്നു താരം നേടിയത്. പിന്നീട് ഗ്ലെന്‍ ഫിലിപ്പ്സും മൈക്കൽ ബ്രേസ്വെല്ലും ചേര്‍ന്ന് ന്യൂസിലാണ്ടിനെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഫിലിപ്പ്സ് 21 റൺസും മൈക്കൽ ബ്രേസ്വെൽ 11 റൺസും നേടിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ചാമ്പ്യൻസ് ട്രോഫി; ന്യൂസിലൻഡ് ബംഗ്ലാദേശിനെ 236/9 എന്ന സ്കോറിൽ ഒതുക്കി

ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ന്യൂസിലൻഡ് ബൗളർമാർ ബംഗ്ലാദേശിന് എതിരെ മികച്ച പ്രകടനം കാഴ്ചവച്ചു, ബംഗ്ലാദേശിനെ 236/9 എന്ന നിലയിൽ അവർ ഒതുക്കി. മൈക്കൽ ബ്രേസ്‌വെൽ 10 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. വില്യം ഒ’റൂർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി, മാറ്റ് ഹെൻറിയും കൈൽ ജാമിസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബംഗ്ലാദേശിനായി, ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ 110 പന്തിൽ നിന്ന് 77 റൺസ് നേടി ടോപ് സ്കോറർ ആയി. ജാക്കർ അലി (45), റിഷാദ് ഹൊസൈൻ (26) എന്നിവർ ആണ് പിന്നെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

പാകിസ്ഥാൻ ഇനി സെമിഫൈനലിൽ എത്തണം എങ്കിൽ അത്ഭുതങ്ങൾ നടക്കണം

ദുബായിൽ ഇന്നലെ ഇന്ത്യയോട് ആറ് വിക്കറ്റിന് തോറ്റതോടെ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിന് യോഗ്യത നേടാനുള്ള പാകിസ്ഥാന്റെ സാധ്യതകൾ മങ്ങിയിരിക്കുകയാണ്. രണ്ട് മത്സരങ്ങളിൽ രണ്ട് തോൽവികളോടെ, ഗ്രൂപ്പ് എയിൽ അവർ അവസാന സ്ഥാനത്താണ്. ഇനി പാകിസ്താൻ സെമിയിൽ എത്തണമെങ്കിൽ ഒരു അത്ഭുതം തന്നെ നടക്കണം എന്ന് പറയാം.

ഒന്നിലധികം ഫലങ്ങൾ അവർക്ക് അനുകൂലമായി വരേണ്ടതുണ്ട്. ഫെബ്രുവരി 27 ന് ബംഗ്ലാദേശിനെതിരായ അവസാന മത്സരം ജയിക്കുക എന്നതാണ് ആദ്യം വേണ്ടത്. കൂടാതെ ന്യൂസിലൻഡും ബംഗ്ലാദേശും രണ്ടോ അതിലധികമോ വിജയങ്ങൾ നേടുകയുമരുത്‌.

ഫെബ്രുവരി 24 ന് ബംഗ്ലാദേശ് ന്യൂസിലൻഡിനെ തോൽപ്പിക്കുകയും പാകിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ, മാർച്ച് 2 ന് നടക്കുന്ന ന്യൂസിലൻഡ് ഇന്ത്യ പോരാട്ടം വരെ സെമി സ്ഥാനത്തെ കുറിച്ചുള്ള പ്രതീക്ഷ പാകിസ്താനുണ്ടാകും. ഇന്ത്യ ന്യൂസിലൻഡിനെ തോപ്പിക്കുകയും റൺ റേറ്റ് അനുകൂലമാവുകയും കൂടെ ചെയ്താൽ മാത്രമേ പാകിസ്താന് പ്രതീക്ഷിക്കാൻ ആകൂ.

Exit mobile version