ശതകവുമായി വെല്ലുവിളി ഉയര്‍ത്തി റീസ ഹെന്‍ഡ്രിക്സ്, ചഹാലിന് അഞ്ച് വിക്കറ്റില്‍ വീണ് ദക്ഷിണാഫ്രിക്ക

ഇന്ത്യ എയുടെ സ്കോറായ 327 റണ്‍സ് തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക എ ടീമിന് 69 റണ്‍സിന്റെ തോല്‍വി. മത്സരത്തില്‍ റീസ ഹെന്‍ഡ്രിക്സ് ശതകവും ഹെയിന്‍റിച്ച് ക്ലാസ്സെന്‍ അര്‍ദ്ധ ശതകവും നേടിയെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക പതറുകയായിരുന്നു. യൂസുവേന്ദ്ര ചഹാല്‍ അഞ്ചും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കയുടെ റണ്‍വേട്ടയെ ഇല്ലായ്മ ചെയ്തത്. 45 ഓവറില്‍ ദക്ഷിണാഫ്രിക്ക 258 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

110 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്സും, 58 റണ്‍സ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സെനുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. ആദ്യ രണ്ട് വിക്കറ്റുകളും വീഴ്ത്തിയ ചഹാല്‍ തന്നെയാണ് വാലറ്റത്തെയും തുടച്ച് നീക്കിയത്.