വീണ്ടും 19 റണ്‍സിന്റെ വിജയവുമായി എസ്ബിഐ, ഓള്‍റൗണ്ട് പ്രകടനവുമായി രാകേഷ്, തിളങ്ങി റൈഫിയും

- Advertisement -

സെലസ്റ്റിയല്‍ ട്രോഫിയിലെ ആദ്യ ഘട്ടത്തിലെ ആദ്യ സെമിയില്‍ 19 റണ്‍സിന്റെ വിജയം കുറിച്ച് എസ്ബിഐ എ ടീം. ഇന്ന് അത്രേയ ഉല്‍ഭവിനെതിരെയാണ് ടീമിന്റെ വിജയം. കെജെ രാകേഷും റൈഫി വിന്‍സെന്റ് ഗോമസും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത എസ്ബിഐ 7 വിക്കറ്റ് നഷ്ടത്തില്‍ 30 ഓവറില്‍ നിന്ന് 179 റണ്‍സാണ് നേടിയത്. റൈഫി 52 റണ്‍സ് നേടിയപ്പോള്‍ രാകേഷ് 50 റണ്‍സും അഭിരാം 32 റണ്‍സും നേടി എസ്ബിഐയ്ക്കായി തിളങ്ങി. മൂന്ന് വിക്കറ്റുമായി അഭീഷ് അത്രേയ ഉല്‍ഭവിന് വേണ്ടി ബൗളിംഗില്‍ തിളങ്ങി.

ചേസിംഗില്‍ 31 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സേ അത്രേയയ്ക്ക് നേടാനായുള്ളു. 35 റണ്‍സ് നേടി റോജിത്ത് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോഫിന്‍ ജോസ്, ശ്രീരാജ് എന്നിവര്‍ 21 റണ്‍സ് നേടി. അവസാന ഓവറുകളില്‍ 13 പന്തില്‍ നിന്ന് 17 റണ്‍സുമായി മോഹിത് ഷിബുവും പൊരുതി നോക്കിയെങ്കിലും എസ്ബിഐ സ്കോറിന് 19 റണ്‍സ് അകലെ മാത്രമേ ടീമിന് എത്തുവാനായുള്ളു.

കഴിഞ്ഞ മത്സരത്തിലെ പോലെ രാകേഷിനെ തന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കുകയായിരുന്നു. രാകേഷും അജിത്ത് ജേക്കബും രണ്ട് വീതം വിക്കറ്റുമായി എസ്ബിഐ ബൗളര്‍മാരില്‍ തിളങ്ങി.

Advertisement