പുക മൂടിയ അന്തരീക്ഷം, ബിഗ് ബാഷ് മത്സരം ഉപേക്ഷിച്ചു

ബിഗ് ബാഷില്‍ ഇന്ന് നടന്ന ആദ്യ മത്സരം പുക മൂടിയ അന്തരീക്ഷം കാരണം ഉപേക്ഷിച്ചു. സിഡ്നി തണ്ടറും അഡിലെയ്ഡ് സ്ട്രൈക്കേഴ്സും തമ്മിലുള്ള മത്സരമാണ് ഇന്ന് ആദ്യ ഇന്നിംഗ്സിന് ശേഷം ഉപേക്ഷിച്ചത്. കാന്‍ബറയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സിഡ്നി തണ്ടര്‍ 4.2 ഓവറില്‍ 40/1 എന്ന നിലയില്‍ നില്‍ക്കവെയാണ് കളി തടസ്സപ്പെടുന്നത്.

32 പന്തില്‍ 55 റണ്‍സ് നേടി പുറത്താകാതെ നിന്ന ജോനാഥന്‍ വെല്‍സ്, 45 റണ്‍സ് നേടിയ അലെക്സ് കാറെ, 42 റണ്‍സ് നേടിയ ജേക്ക് വെതറാള്‍ഡ് എന്നിവരാണ് സ്ട്രൈക്കേഴ്സിന് വേണ്ടി തിളങ്ങിയത്. സിഡ്നി തണ്ടറിന് വേണ്ടി ഡാനിയേല്‍ സാംസും ക്രിസ് മോറിസും രണ്ട് വീതം വിക്കറ്റ് നേടി.

ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തണ്ടറിന് ഉസ്മാന്‍ ഖവാജയെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ കാല്ലം ഫെര്‍ഗൂസണ്‍ തന്റെ മികച്ച ഫോം തുടര്‍ന്ന് അഡിലെയ്ഡ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുന്നതിനിടയിലാണ് മത്സരം തടസ്സപ്പെട്ടത്. 14 പന്തില്‍ നിന്ന് ഫെര്‍ഗൂസണ്‍ 27 റണ്‍സ് നേടിയപ്പോള്‍ കൂട്ടിനായി 11 റണ്‍സുമായി അലെക്സ് ഹെയില്‍സ് ആയിരുന്നു ക്രീസിലുണ്ടായിരുന്നത്. ബില്ലി സ്റ്റാന്‍ലേക്കിനാണ് ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ്.

Previous articleമാറ്റമില്ലാതെ എവർട്ടനും ആഴ്സണലും, ഗൂഡിസൻ പാർക്കിൽ ഗോൾ രഹിത സമനില
Next articleഅണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനെ അക്ബര്‍ അലി നയിക്കും