ബിഗ് ബാഷില്‍ ന്യൂസിലാണ്ടില്‍ നിന്നൊരു ടീമിനെ ഉള്‍പ്പെടുത്തണം – ബ്രണ്ടന്‍ മക്കല്ലം

- Advertisement -

ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ ഐപിഎലിനോടൊപ്പം നില്‍ക്കുന്ന ലീഗ് എന്നാണ് ക്രിക്കറ്റിലെ ചിലര്‍ പറയുന്നത്. ചിലര്‍ ഗുണമേന്മ കൊണ്ട് ഐപിഎലിനെക്കാള്‍ വലിയ ടൂര്‍ണ്ണമെന്റാണ് ബിഗ് ബാഷ് എന്നും പറയുന്നു. ഇപ്പോള്‍ മുന്‍ ന്യൂസിലാണ്ട് നായകന്‍ ബ്രണ്ടന്‍ മക്കല്ലം പുതിയ നിര്‍ദ്ദേശവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. കൂടുതല്‍ ആരാധകരെ സൃഷ്ടിക്കാനായി ബിഗ് ബാഷില്‍ ന്യൂസിലാണ്ടില്‍ നിന്നുള്ള ഒരു ടീമിനെ ചേര്‍ക്കണമെന്നാണ് മക്കല്ലത്തിന്റെ നിര്‍ദ്ദേശം.

ഇപ്രകാരം ചെയ്യുകയാണെങ്കില്‍ ഓസ്ട്രേലിയയോട് അടുത്ത് കിടക്കുന്ന ന്യൂസിലാണ്ടില്‍ നിന്ന് ഒട്ടേറെ ആരാധകരെ സൃഷ്ടിക്കാനാകുമെന്ന് താരം പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിഗ് ബാഷിന്റെ ടിവി റേറ്റിംഗ് ഗണ്യമായി കുറയുകയാണ്. ആ സാഹചര്യത്തില്‍ ബിഗ് ബാഷില്‍ ന്യൂസിലാണ്ടില്‍ നിന്നൊരു ടീമിനെ ഉള്‍പ്പെടുത്തിയാല്‍ ടിവി വ്യൂവര്‍ഷിപ്പ് കൂട്ടുവാന്‍ സഹായകരമാകുമെന്ന് താരം വ്യക്തമാക്കി.

ന്യൂസിലാണ്ട് താരങ്ങളെ പ്രാദേശിക താരങ്ങളായി ഉപയോഗിക്കുക എന്നതാണ് മക്കല്ലം മുന്നോട്ട് വയ്ക്കുന്ന മറ്റൊരു നിര്‍ദ്ദേശം. അന്താരാഷ്ട്ര താരങ്ങള്‍ ലോക്ക്ഡൗണ്‍ കാരണം ഓസ്ട്രേലിയയിലേക്ക് വരുവാനുള്ള സാഹചര്യം കുറവായതിനാല്‍ ഓസ്ട്രേലിയയുടെ തൊട്ടടുത്തുള്ള ന്യൂസിലാണ്ട് താരങ്ങളെ കൂടുതലായി ഉള്‍പ്പെടുത്താവുന്നതേയുള്ളുവെന്നു മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അഭിപ്രായപ്പെട്ടു.

Advertisement