61 റണ്‍സുമായി പൊരുതി നോക്കി അവസാന വിക്കറ്റ് കൂട്ടുകെട്ട്, എന്നാല്‍ സ്ട്രൈക്കേഴ്സിന് വിജയമില്ല

Sports Correspondent

ബിഗ് ബാഷില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനോട് 11 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. അവസാന വിക്കറ്റില്‍ 61 റണ്‍സ് നേടിയ ഡാനിയേല്‍ വോറെല്‍(62*), ഡാനി ബ്രിഗ്സ് കൂട്ടുകെട്ടാണ് 102/9 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ 163 റണ്‍സിലേക്ക് എത്തിച്ചത്. എന്നാല്‍ 174 റണ്‍സെന്ന ഹോബാര്‍ട്ടിന്റെ സ്കോറിന് 11 റണ്‍സ് അകലെ മാത്രമേ സ്ട്രൈക്കേഴ്സിന് എത്തുവാന്‍ സാധിച്ചുള്ളു.

Strikershurricanes

33 റണ്‍സ് നേടിയ മാറ്റ് റെന്‍ഷാ മാത്രമാണ് സ്ട്രൈക്കേഴ്സ് നിരയില്‍ റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ഹോബാര്‍ട്ടിന് വേണ്ടി ജെയിംസ് ഫോക്നര്‍ 3 വിക്കറ്റും ജോഹന്‍ ബോത്ത, റൈലി മെറേഡിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

48 പന്തില്‍ 72 റണ്‍സ് നേടിയ ഡാര്‍സി ഷോര്‍ട്ടിനൊപ്പം വില്‍ ജാക്സ്(34), കോളിന്‍ ഇന്‍ഗ്രാം(25), ടിം ഡേവിഡ്(21*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഹറികെയിന്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടിയത്.