ഹോബാര്‍ട്ടിനു വിജയം സമ്മാനിച്ച് റിലി മെറിഡിത്ത്

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ ചുരുങ്ങിയ സ്കോറിനു എറിഞ്ഞിട്ട് ശേഷം 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് വിജയം ഉറപ്പാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പെര്‍ത്തിനു വെറും 107 റണ്‍സാണ് എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് നേടാനായത്. 173 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി ഹോബാര്‍ട്ട് വിജയം ഉറപ്പാക്കി.

4 ഓവറില്‍ 15 റണ്‍സിനു മൂന്ന് വിക്കറ്റ് നേടിയ റിലി മെറിഡിത്തിനൊപ്പം രണ്ട് വീതം വിക്കറ്റുമായി ജെയിംസ് ഫോക്നറും ഡാര്‍സി ഷോര്‍ട്ടുമാണ് ഹോബാര്‍ട്ട് ബൗളര്‍മാരില്‍ തിളങ്ങിയത്. പെര്‍ത്തിനു വേണ്ടി ആഷ്ടണ്‍ അഗര്‍ 32 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഹിള്‍ട്ടണ്‍ കാര്‍ട്റൈറ്റ്(29), നഥാന്‍ കോള്‍ട്ടര്‍-നൈല്‍(20) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

ഹോബാര്‍ട്ട് ബാറ്റിംഗ് നിരയില്‍ അലക്സ് ഡൂളന്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ നായകന്‍ മാത്യൂ വെയിഡ്(24), ഡാര്‍സി ഷോര്‍ട്ട്(34) എന്നിവരും ടോപ് ഓര്‍ഡറില്‍ റണ്‍സ് കണ്ടെത്തി. പെര്‍ത്ത് ബൗളര്‍മാരില്‍ ആഷ്ടണ്‍ അഗര്‍ രണ്ടും ജൈ റിച്ചാര്‍ഡ്സണ്‍, നഥാന്‍ കോള്‍ട്ടര്‍-നൈല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. റിലി മെറിഡിത്ത് ആണ് കളിയിലെ താരം.