ഹാരിസ് റൗഫ് മെല്‍ബേണ്‍ സ്റ്റാര്‍സിനൊപ്പം ചേരും

അന്താരാഷ്ട്ര ഷെഡ്യൂളിലെ മാറ്റം പാക്കിസ്ഥാന്‍ താരം ഹാരിസ് റൗഫിനെ വീണ്ടും മെല്‍ബേണ്‍ സ്റ്റാര്‍സിനൊപ്പം ചേരുവാന്‍ സഹായിക്കും. ജനുവരി 2021ല്‍ ടീമിനൊപ്പം ചേരുന്ന താരം ഫെബ്രുവരിയുടെ തുടക്കം വരെ ടീമിനൊപ്പം ബിഗ് ബാഷില്‍ കളിക്കും. ആന്‍ഡ്രേ ഫ്ലെച്ചര്‍, നിക്കോളസ് പൂരന്‍ എന്നിവര്‍ക്ക് പിന്നാലെ ടീമിലെത്തുന്ന മൂന്നാമത്തെ വിദേശ താരമാണ് ഹാരിസ് റൗഫ്. അതേ സമയം ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ ടീം സ്വന്തമാക്കിയെന്നും അഭ്യൂഹം പരക്കുന്നുണ്ട്.

പാക്കിസ്ഥാന്‍ ടീമിനൊപ്പം തുടരുന്നതിനാല്‍ ഈ സീസണില്‍ താരം ബിഗ് ബാഷ് കളിക്കില്ലെന്നാണ് ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാല്‍ കഴിഞ്ഞ ആഴ്ച അതില്‍ വ്യക്തത വന്നുവെന്നും താരം ടീമിനൊപ്പം ചേരുമെന്നും അറിയിക്കുകയായിരുന്നുവെന്നും സ്റ്റാര്‍സ് മാനേജ്മെന്റ് അറിയിച്ചു.

താരത്തിന്റെ വരവ് ടീമിന്റെ പേസ് ബൗളിംഗ് നിരയെ കരുത്തരാക്കുമെന്ന് സ്റ്റാര്‍സ് കോച്ച് ഡേവിഡ് ഹസ്സി വ്യക്തമാക്കി.