പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി കരാറിലെത്തി ന്യൂസിലാണ്ട് വെടിക്കെട്ട് ബാറ്റ്സ്മാന്‍

Sports Correspondent

വരുന്ന ബിഗ് ബാഷ് സീസണില്‍ ന്യൂസിലാണ്ട് താരം കോളിന്‍ മണ്‍റോ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനായി കളിക്കും. നിലവില്‍ ഐസിസി ടി20 ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള താരം ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രഭാവം സൃഷ്ടിക്കുന്ന താരമായാണ് വിലയിരുത്തപ്പെടുന്നത്. ജേസണ്‍ റോയ്, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നീ പെര്‍ത്തിലെ വിദേശ താരങ്ങള്‍ക്കൊപ്പമാണ് മണ്‍റോയും എത്തുന്നത്.

ന്യൂസിലാണ്ടിന്റെ കേന്ദ്ര കരാര്‍ താരത്തിന് നഷ്ടമായതിനാല്‍ തന്നെ താരം ബിഗ് ബാഷ് സീസണ്‍ പൂര്‍ണ്ണമായും കളിക്കുവാനുണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം ജേസണ്‍ റോയിയും ലിയാം ലിവിംഗ്സ്റ്റണും അന്താരാഷ്ട്ര ‍ഡ്യൂട്ടിയുള്ളതിനാല്‍ തന്നെ ടീമിന്റെ ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ ടീമിനൊപ്പമുണ്ടാകില്ല.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമാണ് മണ്‍റോ നേടിയത്. രണ്ട് അര്‍ദ്ധ ശതകങ്ങള്‍ ഉള്‍പ്പെടെ 207 റണ്‍സാണ് കിരീട ജേതാക്കള്‍ക്കായി ന്യൂസിലാണ്ട് താരം നേടിയത്.