തകര്‍ച്ചയ്ക്ക് തുടക്കമിട്ട് ക്രിസ് ട്രെമൈന്‍, വാലറ്റത്തെ തുടച്ച് നീക്കി ഡാനിയേല്‍ ക്രിസ്റ്റ്യന്‍, റെനഗേഡ്സിനു കൂറ്റന്‍ ജയം

- Advertisement -

ബൗളിംഗ് കരുത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ 78 റണ്‍സിനു പരാജയപ്പെടുത്തി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സ് 157/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 79 റണ്‍സിനു പെര്‍ത്ത് ഓള്‍ഔട്ട് ആവുകയായിരുന്നു. ഡാനിയേല്‍ ക്രിസ്റ്റ്യന്‍ നാലും ക്രിസ് ട്രെമൈന്‍ മൂന്നും വിക്കറ്റ് നേടിയാണ് പെര്‍ത്തിന്റെ നടുവൊടിച്ചത്. 12/4 എന്ന നിലയിലേക്ക് വീണ പെര്‍ത്തിന്റെ ആദ്യ നാലില്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയത് ട്രെമൈന്‍ ആയിരുന്നു. തുടര്‍ന്ന് കാമറൂണ്‍ ബോയസ് രണ്ടും ഡാനിയേല്‍ ക്രിസ്റ്റ്യന്‍ നാലും വിക്കറ്റ് വീഴ്ത്തി പെര്‍ത്തിനെ പൂട്ടികെട്ടി. 19 റണ്‍സ് നേടിയ നിക് ഹോബ്സണ്‍ ആണ് പെര്‍ത്തിന്റെ ടോപ് സ്കോറര്‍. മാത്യൂ കെല്ലി 18 റണ്‍സ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ റെനഗേഡ്സിനു വേണ്ടി മക്കെന്‍സി ഹാര്‍വി 38 റണ്‍സും സാം ഹാര്‍പ്പര്‍ 37 റണ്‍സും നേടിയാണ് ടീമിന്റെ സ്കോര്‍ 157ലേക്ക് എത്തിച്ചത്. മാത്യൂ കെല്ലി പെര്‍ത്തിനായി രണ്ട് വിക്കറ്റ് നേടി.

Advertisement