ബെന്‍ സ്റ്റോക്സ് പരിക്ക് മാറി തിരികെ എത്തുന്നു, ടി20 ബ്ലാസ്റ്റില്‍ കളിക്കും

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. ഐപിഎലിനിടെ പരിക്കേറ്റ താരം അടുത്ത മാസം നടക്കുന്ന ടി20 ബ്ലാസ്റ്റില്‍ ഡര്‍ഹത്തിന് വേണ്ടി കളിച്ച് താരം വീണ്ടും ക്രിക്കറ്റിലേക്ക് പരിക്ക് മാറി തിരികെ എത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം. നേരത്തെ താരം ഇനിയും മൂന്ന് മാസം എടുക്കും പരിക്ക് മാറി മടങ്ങിയെത്തുവാനെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ബെന്‍ സ്റ്റോക്സ് മികച്ച പുരോഗതി കൈവരിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ റീഹാബ് പ്രക്രിയ മുന്നോട്ട് പോകുകയാണെങ്കില്‍ താരം വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ ഡര്‍ഹത്തിന് കളിക്കാന്‍ തയ്യാറാകുമെന്നും ഇംഗ്ലണ്ട് മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി. ഈ മാസം അവസാനത്തോടു കൂടി താരത്തിന്റെ നിലയെക്കുറിച്ച് അവലോകനം ഇംഗ്ലണ്ട് സംഘം നടത്തുമെന്നും സില്‍വര്‍വുഡ് വ്യക്തമാക്കി.