ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രീതി മാറ്റി എഴുതാനാണ് ഇംഗ്ലണ്ടിന്റെ ശ്രമമെന്ന് ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രീതി മാറ്റി എഴുതാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ അവിസ്മരണീയ ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ബെൻ സ്റ്റോക്സിന്റെ പ്രതികരണം. കഴിഞ്ഞ 4-5 ആഴ്ചകളിൽ ടീം തയ്യാറാക്കിയ പദ്ധതികൾ വെച്ച് മുൻപോട്ട് പോവാനാണ് ഇംഗ്ലണ്ടിന്റെ ശ്രമമെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിന് പുതുജീവൻ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ഈ ചരുങ്ങിയ സമയത്ത് ഇംഗ്ലണ്ടിന് ലഭിച്ച പിന്തുണ വളരെ മികച്ചതായിരുന്നെന്നും ബെൻ സ്റ്റോക്സ് കൂട്ടിച്ചേർത്തു. മത്സരത്തിൽ 378 റൺസ് എന്ന കൂറ്റൻ ലക്‌ഷ്യം മുൻപിൽ കണ്ടു ഇറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം മത്സരം ജയിച്ചിരുന്നു. മത്സരത്തിൽ പുറത്താവാതെ 142 റൺസ് എടുത്ത ജോ റൂട്ടും പുറത്താവാതെ 114 റൺസ് എടുത്ത ജോണി ബെയർസ്‌റ്റോയുമാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്.