ഇത് ഫയർ ആണ് ഫയർ!!! കളി 5 സെറ്റുകൾ ആണ് എന്നോർമിപ്പിച്ചു അവിശ്വസനീയ തിരിച്ചു വരവുമായി ജ്യോക്കോവിച്ച് വിംബിൾഡൺ സെമിഫൈനലിൽ

വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ അവിശ്വസനീയ തിരിച്ചു വരവുമായി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച് സെമിഫൈനലിൽ. ഇറ്റാലിയൻ യുവതാരവും പത്താം സീഡും ആയ യാനിക് സിന്നർക്ക് എതിരെ ആദ്യ രണ്ടു സെറ്റുകളും പരാജയപ്പെട്ട ശേഷം ആണ് നൊവാക് ജ്യോക്കോവിച്ച് ജയം കണ്ടത്. മൂന്ന് മണിക്കൂറും 36 മിനിറ്റുകളും നീണ്ട മത്സരത്തിൽ ഗ്രാന്റ് സ്‌ലാമുകൾ 5 സെറ്റ് നീണ്ട മത്സരം ആണെന്ന് ഒരിക്കൽ കൂടി യുവതാരങ്ങളെ ജ്യോക്കോവിച്ച് ഓർമ്മിപ്പിച്ചു. ആദ്യ രണ്ടു സെറ്റുകളിൽ തന്റെ തനത് മികവിൽ ആയിരുന്നില്ല ജ്യോക്കോവിച്ച്. ആദ്യ സെറ്റിൽ ആദ്യം ബ്രൈക്ക് കണ്ടതിയത് ജ്യോക്കോവിച്ച് ആയിരുന്നു എങ്കിലും അതിമനോഹരമായി കളിച്ചു ബ്രൈക്ക് തിരിച്ചു പിടിച്ചു സിന്നർ. അതിനു ശേഷം ഒരിക്കൽ കൂടി സെർബിയൻ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്ത സിന്നർ 7-5 നു ആദ്യ സെറ്റ് സ്വന്തം പേരിൽ കുറിച്ചു.

Img 20220705 Wa0363

രണ്ടാം സെറ്റിലും സിന്നർ തന്റെ മികവ് തുടർന്നപ്പോൾ ജ്യോക്കോവിച്ചിന് മറുപടി ഉണ്ടായില്ല. തുടക്കത്തിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ യുവതാരം മറ്റൊരു ബ്രൈക്ക് കൂടി നേടി 6-2 നു രണ്ടാം സെറ്റും നേടിയതോടെ കാണികൾ ഞെട്ടി. എന്നാൽ ജ്യോക്കോവിച്ചിന്റെ തിരിച്ചു വരവ് ആണ് പിന്നീട് കണ്ടത്‌. അത് വരെ ഉള്ള മികവ് കാണിക്കാൻ സിന്നർ പരാജയപ്പെട്ടപ്പോൾ തന്റെ അനുഭവസമ്പത്ത് ജ്യോക്കോവിച്ച് പുറത്തെടുത്തു. മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ച് സെറ്റ് 6-3 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിൽ തുടക്കത്തിൽ തന്നെ സിന്നറിന്റെ സർവീസ് ജ്യോക്കോവിച്ച് ബ്രൈക്ക് ചെയ്തു. തുടർന്ന് അതിമനോഹരമായ ഡ്രോപ്പ് ഷോട്ടുകൾ അടക്കം കളിച്ച ജ്യോക്കോവിച്ച് ആരാധകരെ വിസ്മയിപ്പിച്ചു. ഇടക്ക് ജ്യോക്കോവിച്ചിന്റെ ഡ്രോപ്പ് ഷോട്ട് കളിക്കാൻ ഇടയുള്ള ശ്രമത്തിൽ സിന്നർ കളത്തിൽ വീണത് ആശങ്ക ആയെങ്കിലും യുവതാരം പെട്ടെന്ന് തന്നെ നില വീണ്ടെടുത്തു. താരത്തിന് അടുത്ത് ജ്യോക്കോവിച്ച് പെട്ടെന്ന് ഓടിയെത്തി താരത്തിന് വലിയ പരിക്കില്ല എന്നത് ഉറപ്പിക്കുകയും ചെയ്തിരുന്നു.

Screenshot 20220705 221011 01

നാലാം സെറ്റിലും രണ്ടാമതും ജ്യോക്കോവിച്ച് ബ്രൈക്ക് കണ്ടത്തി. തുടർന്ന് ജ്യോക്കോവിച്ചിന്റെ സർവീസിൽ സിന്നർ ബ്രൈക്ക് പോയിന്റ് സൃഷ്ടിച്ചു എങ്കിലും അത് രക്ഷിച്ച ജ്യോക്കോവിച്ച് സെറ്റ് 6-2 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ജ്യോക്കോവിച്ചിന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ഊർജ്ജം സിന്നറിന് ഉണ്ടായിരുന്നില്ല. രണ്ടു ബ്രൈക്കുകൾ ആദ്യമേ നേടിയ ജ്യോക്കോവിച്ച് സെറ്റ് 6-2 നു നേടി പതിനൊന്നാം ഗ്രാന്റ് സ്‌ലാം സെമിഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ എട്ട് വീതം ഏസുകൾ ഇരുവരും ഉതിർത്തപ്പോൾ 4 ബ്രൈക്ക് വഴങ്ങിയ ജ്യോക്കോവിച്ച് 6 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. പലപ്പോഴും ജ്യോക്കോവിച്ചിന്റെ അവിശ്വസനീയം ആയ ഷോട്ടുകൾക്ക് മുന്നിൽ സിന്നർ കാഴ്ചക്കാരൻ ആയി. കരിയറിലെ 43 മത്തെ ഗ്രാന്റ് സ്‌ലാം സെമിഫൈനലൽ ആണ് ജ്യോക്കോവിച്ചിന് ഇത്. വിംബിൾഡണിൽ കഴിഞ്ഞ അഞ്ചു വർഷം ആയി പരാജയം അറിയാത്ത ജ്യോക്കോവിച്ച് തുടർച്ചയായ ഇരുപത്തിയാറാം ജയം ആണ് വിംബിൾഡണിൽ കുറിച്ചത്. ഏഴാം വിംബിൾഡൺ കിരീടം ലക്ഷ്യം വക്കുന്ന ജ്യോക്കോവിച്ച് സെമിയിൽ ഡേവിഡ് ഗോഫിൻ, കാമറൂൺ നോറി വിജയിയെ ആണ് നേരിടുക.