ലോകകപ്പിനു ശേഷം ശാസ്ത്രിയുടെ കരാര്‍ നീട്ടും

ലോകകപ്പോടെ അവസാനിക്കാനിരിക്കുന്ന രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ നീട്ടുമെന്ന് സൂചന. ലോകകപ്പില്‍ രണ്ട് വിജയങ്ങളുമായി മികച്ച പ്രകടനം പുറത്തെടുത്ത് നില്‍ക്കുന്ന ഇന്ത്യയുടെ കോച്ചിന്റെ കരാര്‍ ലോകകപ്പ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യ കോച്ച് രവി ശാസ്ത്രിയ്ക്കൊപ്പം ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ കരാറും ലോകകപ്പിനു ശേഷം അവസാനിക്കുമെങ്കിലും സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഇവര്‍ക്ക് 45 ദിവസത്തേക്ക് കരാര്‍ നീട്ടി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അടുത്തിടെ നടന്ന മീറ്റിംഗിലാണ് ഈ തീരൂമാനം എടുത്തതും തീരുമാനത്തിന്റെ വിശദാംശം ബിസിസിഐ ഔദ്യോഗിക വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്. ഈ 45 ദിവസത്തെ കാലയളവില്‍ വിനോദ് റായ് നയിക്കുന്ന സിഒഎ ഇന്ത്യന്‍ ടീമിലെ പരിശീലക സംഘത്തിലേക്കുള്ള ഇന്റര്‍വ്യൂ നടത്തി ഒഴിവുകള്‍ നികത്തുമെന്നാണ് അറിയുന്നത്.