അമര്‍ഷമുണ്ട്, ബിസിസിഐയുടെ ഏത് തീരമാനത്തിനുമൊപ്പം ടീം – ചഹാല്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പുല്‍വാമ തീവ്രവാദ ആക്രമണത്തില്‍ ഏറെ അമര്‍ഷമുണ്ടെന്നും ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടണമോ എന്നതില്‍ ബിസിസിഐ തീരുമാനത്തിനൊപ്പം ടീം നില്‍ക്കുമെന്നും അറിയിച്ച് ഇന്ത്യയുടെ യുവ സ്പിന്നര്‍ യൂസുവേന്ദ്ര ചഹാല്‍. ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകരും മുന്‍ താരങ്ങളുമെല്ലാം ഇന്ത്യ മത്സരം ബഹിഷ്കരിക്കണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായവുമായി നിലകൊള്ളുമ്പോളാണ് ചഹാല്‍ ടീമിന്റെ അഭിപ്രായം എന്തെന്നുള്ള സൂചന നല്‍കുന്നത്.

ഇന്ത്യ പാക്കിസ്ഥാനെതിരെയുള്ള മത്സരം ബഹിഷ്കരിച്ചാലും ലോകകപ്പ് നേടുവാന്‍ ശേഷിയുള്ള ടീമാണെന്ന് ചിലര്‍ പറയുമ്പോള്‍ ലോകകപ്പില്‍ പാക്കിസ്ഥാനെ തോല്പിച്ച് തിരിച്ചടി നല്‍കണമെന്നാണ് വേറെ വിഭാഗത്തിന്റെ ആവശ്യം. ഐസിസിയില്‍ സമ്മര്‍ദ്ദം ചെലുത്തി പാക്കിസ്ഥാനെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന വ്യക്തികളുമുണ്ട്. ബിസിസിഐ അത്തരത്തിലൊരു നീക്കത്തിനു ശ്രമിക്കുന്നുവെന്നും ഇല്ല അങ്ങനെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നുമെല്ലാം വാര്‍ത്തകള്‍ പരക്കുന്നുണ്ട്.

തങ്ങളുടെ കൈയ്യില്‍ അല്ല അന്തിമ തീരുമാനമെന്നാണ് ഇന്ത്യയുടെ സ്പിന്‍ താരം അഭിപ്രായപ്പെട്ടത്. ബിസിസിഐ ആണ് ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. കളിയ്ക്കണമെന്ന് അവര്‍ പറഞ്ഞാല്‍ ഞങ്ങള്‍ കളിയ്ക്കും കളിയ്ക്കേണ്ടെന്ന് പറഞ്ഞാല്‍ കളിയ്ക്കില്ല. പാക്കിസ്ഥാനിലെ എല്ലാവരും കുറ്റക്കാരാണെന്ന് ഞാന്‍ പറയുന്നില്ല, എന്നാല്‍ തെറ്റ് ചെയ്തവര്‍ക്കെതിരെ അവിടെ നിന്ന് നടപടി വരേണ്ടതുണ്ടെന്നും ചഹാല്‍ പറഞ്ഞു.