ഖാലിദ് അഹമ്മദിന് നാല് വിക്കറ്റ്, ബാവുമയ്ക്ക് ശതകം നഷ്ടം, ദക്ഷിണാഫ്രിക്ക 367 റൺസ് നേടി പുറത്തായി

Sports Correspondent

ബംഗ്ലാദേശിനെതിരെ ഡര്‍ബന്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 367 റൺസിൽ അവസാനിച്ചു. ടെംബ ബാവുമയ്ക്ക്(93) ശതകം ഏഴ് റൺസ് അകലെ നഷ്ടമായപ്പോള്‍ ഖാലിദ് അഹമ്മദിന്റെ 4 വിക്കറ്റ് നേട്ടമാണ് ബംഗ്ലാദേശ് നിരയിലെ ശ്രദ്ധേമായ പ്രകടനം.

Khaledahmed

തലേ ദിവസത്തെ സ്കോറായ 233/4 എന്ന സ്കോറിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ കൈലിന്റെ വിക്കറ്റ് നഷ്ടമായി. അതേ ഓവറിൽ തന്നെ തൊട്ടടുത്ത പന്തിൽ ഖാലിദ് അഹമ്മദ് വിയാന്‍ മുള്‍ഡറെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 245/6 എന്ന നിലയിലേക്ക് വീണു.

പിന്നീട് കേശവ് മഹാരാജും ടെംബ ബാവുമയും ചേര്‍ന്ന് 45 റൺസ് ഏഴാം വിക്കറ്റിൽ നേടിയെങ്കിലും ബാവുമയ്ക്ക് ശതകം കൈയ്യകലത്തിൽ നഷ്ടമാകുകയായിരുന്നു. അടുത്ത ഓവറിൽ കേശവ് മഹാരാജിന്റെ വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായപ്പോള്‍ പിന്നീട് സൈമൺ ഹാര്‍മ്മര്‍ ആണ് വാലറ്റത്തോടൊപ്പം പൊരുതി നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത്.

അവസാന വിക്കറ്റിൽ 35 റൺസ് നേടിയ സൈമൺ – ഒലിവിയര്‍ കൂട്ടുകെട്ടിനെ മെഹ്ദി ഹസന്‍ ആണ് തകര്‍ത്തത്. സൈമൺ ഹാര്‍മ്മര്‍ പുറത്താകാതെ 38 റൺസ് നേടി ക്രീസിൽ നിന്നു.