റഹിം രക്ഷകന്‍, തിസാര പെരേര വെടിക്കെട്ടിനെ മറികടന്ന് 4 വിക്കറ്റ് ജയം സ്വന്തമാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ രണ്ടാമത്തേതില്‍ കോമില്ല വിക്ടോറിയന്‍സിനെ വീഴ്ത്തി ചിറ്റഗോംഗ് വൈക്കിംഗ്സ്. തിസാര പെരേരയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയന്‍സ് 20 ഓവറില്‍ നിന്ന് 184/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വൈക്കിംഗ്സ് 2 പന്ത് അവശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. മുഷ്ഫിക്കുര്‍ റഹിം ആണ് കളിയിലെ താരം.

26 പന്തില്‍ നിന്ന് 8 സിക്സും 3 ബൗണ്ടറിയും അടക്കം 74 റണ്‍സാണ് തിസാര പെരേര നേടിയത്. മുഹമ്മദ് സൈഫുദ്ദീന്‍(26*), എവിന്‍ ലൂയിസ്(38 റിട്ടയര്‍ഡ് ഹര്‍ട്ട്), ഇമ്രുല്‍ കൈസ്(24) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഖാലിദ് അഹമ്മദ് വൈക്കിംഗ്സിനു വേണ്ടി മൂന്ന് വിക്കറ്റ് നേടി.

മുഷ്ഫിക്കുര്‍ റഹിമും ഓപ്പണര്‍ മുഹമ്മദ് ഷെഹ്സാദും ആണ് വൈക്കിംഗ്സിന്റെ വിജയത്തിനു അടിത്തറ പാകിയത്. ഷെഹ്സാദ് 27 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്തായപ്പോള്‍ മുഷ്ഫിക്കുര്‍ റഹിം 41 പന്തില്‍ നിന്ന് 75 റണ്‍സ് നേടി വിജയം ഉറപ്പാക്കി. മുഹമ്മദ് സൈഫുദ്ദീന്‍ വിക്ടോറിയന്‍സ് ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റ് നേടി തിളങ്ങി.