വെടിക്കെട്ട് തുടക്കവുമായി ഹസ്രത്തുള്ള സാസായി, ധാക്ക ഡൈനാമൈറ്റ്സിനു ആധികാരിക ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രാജ്ഷാഹി കിംഗ്സിനെ തറപ്പറ്റിച്ച് ധാക്ക ഡൈനാമൈറ്റ്സ്. ഇന്നലെ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ധാക്ക 189/5 എന്ന മികച്ച സ്കോര്‍ 20 ഓവറില്‍ നിന്ന് നേടുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ സുനില്‍ നരൈനുമായി ചേര്‍ന്ന് 116 റണ്‍സാണ് സാസായി നേടിയത്. 38 റണ്‍സ് നേടിയ നരൈനെ നഷ്ടമായി ഏറെ വൈകാതെ സാസായിയും 41 പന്തില്‍ നിന്ന് 78 റണ്‍സ് നേടി മടങ്ങുകയായിരുന്നു. പിന്നീട് നേരിയ തകര്‍ച്ച ധാക്ക നേരിട്ടുവെങ്കിലും ആന്‍ഡ്രേ റസ്സല്‍(21*) ഷുവഗാത ഹോം(14 പന്തില്‍ പുറത്താകാതെ 38 റണ്‍സ്) എന്നിവര്‍ ചേര്‍ന്ന് മികച്ച സ്കോറിലേക്ക് ധാക്കയെ നയിച്ചു. രണ്ട് വിക്കറ്റ് നേടിയ അരാഫത്ത് സണ്ണിയാണ് കിംഗ്സിന്റെ ബൗളര്‍മാരില്‍ തിളങ്ങിയത്.

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കിംഗ്സിനു ഒരു ഘട്ടത്തിലും ധാക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ കഴിഞ്ഞിരുന്നില്ല. 29 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍ ആയത്. നൂറിനു താഴെ ടീം പുറത്താകുമെന്ന് കരുതിയെങ്കിലും പത്താം വിക്കറ്റില്‍ സണ്ണിയും മുസ്തഫിസുര്‍ റഹ്മാനും ചേര്‍ന്ന് നേടിയ 26 റണ്‍സാണ് ടീമിനെ നൂറ് കടക്കുവാന്‍ സഹായിച്ചത്. അരാഫത്ത് സണ്ണി 18 റണ്‍സ് നേടി പുറത്തായപ്പോള്‍ മുസ്തഫിസു‍ര്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.

ധാക്കയ്ക്കായി റൂബല്‍ ഹൊസൈന്‍ മൂന്നും മോഹോര്‍ ഷെയ്ഖ് രണ്ടും വിക്കറ്റ് നേടി.