ഷാക്കിബ് തന്റെ വിടപറയല്‍ തീരുമാനം നേരത്തെ നേര്‍വഴിയില്‍ അറിയിക്കണമായിരുന്നു

- Advertisement -

ധാക്ക ഡൈനാമൈറ്റ്സില്‍ നിന്ന് വേറൊരു ഫ്രാഞ്ചൈസിയിലേക്ക് മാറുവാന്‍ ഷാക്കിബ് അല്‍ ഹസന് താല്പര്യമുണ്ടെങ്കില്‍ അത് ടീം മാനേജ്മെന്റിനെ നേരത്തെ അറിയിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ധാക്ക ഡൈനാമൈറ്റ്സ് സിഇഒ ഒബൈദ് നിസാം. താരം രംഗ്പൂര്‍ റൈഡേഴ്സിലേക്ക് മാറുവാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അവസാന നിമിഷം അത് നടക്കാതെ പോയി. അത് കൂടാതെ ഇനി ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തേണ്ടതില്ലെന്ന് ബംഗ്ലാദേശ് ബോര്‍ഡ് തീരുമാനിക്കുകയും ചെയ്യുകയാണുണ്ടായത്.

താരം ടീമില്‍ നിന്ന് പോകുന്നതില്‍ തങ്ങള്‍ക്ക് യാതൊരുവിധ എതിര്‍പ്പുമുണ്ടായിരുന്നില്ലെന്നും എന്നാല്‍ അത് യഥാവിധി തങ്ങളോട് അറിയിക്കേണ്ട ചുമതല ഷാക്കിബിനുണ്ടായിരുന്നുവെന്നും സിഇഒ പറഞ്ഞു. ഷാക്കിബ് തങ്ങളുടെ ഫ്രാഞ്ചൈസി വിട്ടുവെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങള്‍ക്ക് നല്‍കി വരുന്ന സേവനത്തില്‍ വളരെ സന്തോഷമുണ്ടെന്ന് ഫ്രാഞ്ചൈസി അറിഞ്ഞു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ തീരുമാനത്തിന് പിന്നിലും ഡൈനാമൈറ്റ്സാണെന്നാണ് പരക്കെ ഫ്രാഞ്ചൈസികള്‍ക്കിടയിലെ സംസാരം.

ഷാക്കിബ് മാത്രമല്ല ഏത് താരത്തിനും അത്തരത്തില്‍ വേറെ ടീമിലേക്ക് പോകാമെന്നും തനിക്ക് അതിനൊരു പ്രശ്നമില്ലെന്നും നിസാം പറഞ്ഞു. എന്നാല്‍ ടൂര്‍ണ്ണമെന്റ് നിയമാവലിയില്‍ പറഞ്ഞിട്ടുള്ള തരത്തിലാണ് കാര്യങ്ങള്‍ നടക്കേണ്ടതെന്ന് മാത്രം നിസാം വ്യക്തമാക്കി. പല ഫ്രാഞ്ചൈസികളും നിയമാവലികള്‍ ലംഘിക്കാറുണ്ടെങ്കിലും തങ്ങള്‍ അത്തരത്തിലൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Advertisement