രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത തിരിച്ചടി, അലക്സ് ഹെയില്‍സിനു പരിക്ക്

Sports Correspondent

പരിക്കേറ്റ അലക്സ് ഹെയില്‍സ് രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി ഈ സീസണില്‍ കളിക്കില്ല. രാജ്ഷാഹി കിംഗ്സിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരത്തിന്റെ അഭാവം രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ടീമിന്റെ പരിശീലന സെഷനു ശേഷം കോച്ച് ടോം മൂഡിയാണ് വാര്‍ത്ത സ്ഥിതീകരിച്ചത്.

താരം ലണ്ടനിലേക്ക് ഉടനെ മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റതെന്നും മൂഡി വ്യക്തമാക്കി. പരിക്ക് ഫീല്‍ഡിംഗിനിടെയല്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് ചോദിച്ചപ്പോള്‍ അറിയിച്ചിട്ടുണ്ടെന്നും മൂഡി അറിയിച്ചു.

ടീം അവസാനം തുടര്‍ച്ചയായി ജയിച്ച നാല് മത്സരങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് ഹെയില്‍സ് കാഴ്ചവെച്ചത്. 85*, 100, 55, 33 എന്നിങ്ങനെയായിരുന്നു ഈ വിജയങ്ങളില്‍ ഹെയില്‍സിന്റെ സംഭാവന.