ഡിവില്ലിയേഴ്സിനു ശതകം, 85 റണ്‍സ് നേടി അലക്സ് ഹെയില്‍സ്, 5/2 എന്ന നിലയില്‍ നിന്ന് വിജയം കുറിച്ച് രംഗ്പൂര്‍ റൈഡേഴ്സ്

Sports Correspondent

എബി ഡി വില്ലിയേഴ്സും അലക്സ് ഹെയില്‍സും ധാക്ക ഡൈനാമൈറ്റ്സ് ബൗളര്‍മാരെ യഥേഷ്ടം അതിര്‍ത്തി കടത്തിയപ്പോള്‍ രംഗ്പൂര്‍ റൈഡേഴ്സിനു 8 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ധാക്ക നേടിയ 186/6 എന്ന സ്കോ‍ര്‍ 10 പന്ത് ബാക്കി നില്‍ക്കെയാണ് രംഗ്പൂര്‍ റൈഡേഴ്സ് വിജയത്തിലേക്ക് നീങ്ങിയത്. എബി ഡിവില്ലിയേഴ്സ്-അലക്സ് ഹെയില്‍സ് കൂട്ടുകെട്ട് നേടിയ 184 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 18.2 ഓവറിലാണ് രംഗ്പൂര്‍ വിജയം കുറിച്ചത്.

50 പന്തില്‍ നിന്ന് 8 ബൗണ്ടറിയും 6 സിക്സും നേടി തന്റെ ശതകം ഡി വില്ലിയേഴ്സ് പൂര്‍ത്തിയാക്കിയപ്പോള്‍ 53 പന്തില്‍ നിന്ന് 85 റണ്‍സാണ് ഹെയില്‍സ് നേടിയത്. 8 ബൗണ്ടറിയും മൂന്ന് സിക്സും അടക്കം നേടിയാണ് ഇംഗ്ലണ്ട് താരം പുറത്താകാതെ നിന്നത്. ആന്‍ഡ്രേ റസ്സലിനാണ് ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും ലഭിച്ചത്.

52 റണ്‍സുമായി റോണി താലുക്ദാര്‍ ധാക്കയുടെ ടോപ് സ്കോറര്‍ ആയി. 37 റണ്‍സുമായി പുറത്താകാതെ നിന്ന കീറണ്‍ പൊള്ളാര്‍ഡ് ആണ് ധാക്കയുടെ മറ്റൊരു പ്രധാന സ്കോറര്‍. സുനില്‍ നരൈന്‍(28), ഹസ്രത്തുള്ള സാസായി(17), ഷാക്കിബ് അല്‍ ഹസന്‍(12 പന്തില്‍ 25) എന്നിവരും തിളങ്ങിയെങ്കിലും 186 റണ്‍സ് നേടുവാനെ ധാക്കയ്ക്ക് സാധിച്ചുള്ളു. രംഗ്പൂരിനു വേണ്ടി ഫര്‍ഹദ് റീസ രണ്ട് വിക്കറ്റ് നേടി.