ജയത്തോടെ കേരള പോലീസ് തുടങ്ങി

മലപ്പുറം: 67-ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള പോലീസിന് വിജയ തുടക്കം. ഇന്ന് കരുത്തരായ സിക്കിം പോലീസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുന്‍ ഫെഡറേഷന്‍ കപ്പ് ചാംപ്യന്മാര്‍ ആയ കേരള പോലീസ് മറികടന്നത്. ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു കേരളത്തിന്റെ ഗോൾ പിറന്നത്. 20-ാം മിനിറ്റില്‍ മുഹമ്മദ് ഷനൂപ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

തുടക്കം മുതല്‍ കേരളവും സിക്കിമും ആക്രമിച്ചു കളിച്ചുവെങ്കിലും ഇരുടീമുകളും ഗോളവവസരം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. ഇതിനിടെയാണ് ഹര്‍ഷാദിനെ വീഴ്ത്തിയതിന് പെനാല്‍റ്റി ലഭിച്ചത്. ഇടവേളക്ക് ശേഷവും ആക്രമണത്തിന് കുറവുണ്ടായിരുന്നില്ല. ഇരുടീമുകളും പരുക്കനടവുകള്‍ പുറത്തെടുത്തപ്പോള്‍ റഫറി രാധാകൃഷ്ണന് പിടിപ്പത് പണിയായി. ഇതിനിടെ കെ ഫിറോസും സുജിലും ഗോള്‍ നേടാന്‍ ശ്രമിച്ചത് ഗോള്‍പോസ്റ്റിന്റെ രൂപത്തിലും ഓഫ്‌സൈഡ് തടഞ്ഞു. എന്നാല്‍ അവസാന 15 മിനിറ്റില്‍ രണ്ടും കല്‍പിച്ച് ആക്രമിച്ചു കളിച്ച മഞ്ഞുമലയുടെ 13-ാം നമ്പര്‍ താരം ജൂനിയര്‍ ബൈച്ചുങ് ബൂട്ടിയ ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് വിളിച്ചു. ഗോളിന് വേണ്ടി കളിക്കാര്‍ വാദിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചു നിന്നു.

മറ്റു മത്സരങ്ങളിൽ ഗോവ മറുപടിയില്ലാത്ത മൂന്ന്‌ ഗോളിന് ഹരിയാനെയയും, പഞ്ചാബ് പോലീസ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉത്തരാഖണ്ഡിനെയും പരാജയപ്പെടുത്തി. പഞ്ചാബിന്റെ വിജയകുമാര്‍ ഹാട്രിക് നേടി.