ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുവാന്‍ കഠിന പരിശീലനം നടത്തുവാന്‍ ജോണി ബൈര്‍സ്റ്റോ ദക്ഷിണാഫ്രിക്കയിലേക്ക്

ജോണി ബൈര്‍സ്റ്റോയും ജെയിംസ് ആന്‍ഡേഴ്സണും അടക്കുമുള്ള ചില ഇംഗ്ലീഷ് താരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പരിശീലനത്തിനായി യാത്രയാകുന്നു. ഡിസംബര്‍ 1 മുതല്‍ 14 വരെ ദക്ഷിണാഫ്രിക്കയിലെ പോച്ച്ഫെസ്റ്റ്രൂമിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. ആഷസിലെ മോശം ബാറ്റിംഗ് പ്രകടനം മൂലം ടീമിലെ സ്ഥാനം നഷ്ടമായ ബൈര്‍സ്റ്റോയും പരിക്ക് മൂലം റീഹാബ് നടപടികളിലൂടെ പോകുന്ന ജെയിംസ് ആന്‍ഡേഴ്സണും മാര്‍ക്ക് വുഡുമാണ് പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. ഒപ്പം ക്രെയിഗ് ഓവര്‍ട്ടണ്‍, ഒല്ലി സ്റ്റോണ്‍, ഒല്ലി റോബിന്‍സണ്‍ എന്നിവരും ഈ ക്യാമ്പില്‍ ഉള്‍പ്പെടും.

ഇതില്‍ ആന്‍ഡേഴ്സണ്‍, ബൈര്‍സ്റ്റോ, മാര്‍ക്ക് വുഡ് എന്നിവര്‍ ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള അവസരത്തിനായി കാത്തിരിക്കുന്നവരാണ്. ഇതില്‍ ആഷസിലെ ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ ആന്‍ഡേഴ്സണും ലോകകപ്പ് ഫൈനലിന് ശേഷം ശസ്ത്രക്രിയ മൂലം ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്ത് പോയ മാര്‍ക്ക് വുഡം പരിക്ക് മാറി ടീമിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.