ശതകം നേടിയ ശേഷം ബാബര്‍ അസം പുറത്ത്, ആദ്യ ഏകദിനത്തിൽ പാക്കിസ്ഥാന് വിജയം നൽകി ഖുഷ്ദിൽ ഷാ

Babarazam

മുൽത്താനിൽ ഇന്ന് നടന്ന ആദ്യ ഏകദിനത്തിൽ പാക്കിസ്ഥാന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 305 റൺസാണ് എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പാക്കിസ്ഥാനാകട്ടെ ലക്ഷ്യം 49.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ നേടി.

ക്യാപ്റ്റന്‍ ബാബര്‍ അസം 103 റൺസ് നേടിയ ശേഷം പുറത്തായെങ്കിലും മുഹമ്മദ് റിസ്വാന്‍ 59 റൺസുമായി പുറത്തായി. 65 റൺസ് നേടിയ ഇമാം ഉള്‍ ഹക്ക് ആണ് മറ്റൊരു പ്രധാന സ്കോറര്‍.

റിസ്വാന്‍ പുറത്തായ ശേഷം ഖുഷ്ദിൽ ഷാ 47ാം ഓവറിൽ റൊമാരിയോ ഷെപ്പേര്‍ഡിനെ മൂന്ന് സിക്സര്‍ പറത്തിയാണ് പാക് പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്. ഓവറിൽ നിന്ന് 20 റൺസ് പിറന്നെങ്കിലും അടുത്ത ഓവറിൽ പാക്കിസ്ഥാന്‍ 3 റൺസ് മാത്രം നേടാനായപ്പോള്‍ ഷദബ് ഖാന്റെ വിക്കറ്റും ടീമിന് നഷ്ടമായി.

രണ്ടോവറിൽ 21 റൺസ് വേണ്ടിയിരുന്ന പാക്കിസ്ഥാന്റെ കൈയ്യിൽ 5 വിക്കറ്റാണുണ്ടായിരുന്നത്. റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ 49ാം ഓവറിൽ ഖുഷ്ദിൽ ഒരു സിക്സ് അടക്കം 14 റൺസ് നേടിയപ്പോള്‍ 15 റൺസ് ഓവറിൽ നിന്ന് വന്നു. 4 പന്ത് അവശേഷിക്കെ മുഹമ്മദ് നവാസ് സിക്സറിലൂടെ വിജയ റൺസ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ പരമ്പരയിൽ മുന്നിലെത്തി.