ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പരിക്കുകളും, പകരക്കാരും

Picsart 22 06 09 00 41 33 866

ഇന്ത്യൻ ക്രിക്കറ്റ് ക്യാമ്പിൽ നിന്നു ഇന്ന് വന്ന വാർത്തകൾ ഇന്ത്യൻ ക്രിക്കറ്റ് അനുവാചകരെ ആശങ്കപ്പെടുത്തുന്നതായിരിന്നു. തൊട്ട് മുമ്പ് കഴിഞ്ഞ ഐപിഎല്ലിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവച്ചു ഇന്ത്യൻ ടീമിൽ ഇടം പിടിച്ച ഇടംകൈയ്യൻ സ്പിന്നർ കുൽദീപ് യാദവ് പരിക്കേറ്റ് ടീമിന് പുറത്തേക്ക്. ഇക്കൊല്ലത്തെ വേൾഡ് കപ്പിൽ ചഹലിന് ഒപ്പം ഇന്ത്യയുടെ സ്പിൻ ബോളിങ്ങിന് നേതൃത്വം നൽകേണ്ട കളിക്കാരനാണ് കുൽദീപ്. ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പരിക്ക് പറ്റി ടീമിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്നത് ടീമിന്റെ വേൾഡ് കപ്പ് സാധ്യതകൾക്ക് തിരിച്ചടിയാകും. ആശ്വാസം തരുന്ന വാർത്ത, ആഴ്ചകൾ നീളുന്ന പരിചരണം കൊണ്ടു തിരിച്ചു കളിക്കളത്തിലേക്കു തിരികെ വരാൻ സാധിക്കും എന്നതാണ്. അത് കൊണ്ടാകും പകരം ആരെയും ടീമിലേക്ക് എടുക്കാതിരുന്നതും.
20220608 181509
മറ്റൊരു വാർത്ത ക്യാപ്റ്റൻ രാഹുലിന്റെ പിന്മാറ്റമാണ്, അതും പരിക്ക് മൂലം തന്നെ. പക്ഷെ പകരം റിഷബ് പന്തിനെ ക്യാപ്റ്റൻ ആക്കിയത് അതിലും വലിയ തർക്കമാണ് ഉയർത്തുന്നത്. നിലവിലെ ടീമിന്റെ വൈസ് ക്യാപ്റ്റൻ എന്ന നിലയ്ക്ക് പന്ത് വേണം ക്യാപ്റ്റൻ ആകാൻ എന്ന സാങ്കേതികത്വം പറഞ്ഞു ന്യായീകരിക്കാം. പക്ഷെ ഐപിഎല്ലിൽ ഏറ്റവും മോശം ക്യാപ്റ്റൻസി കാഴ്ച്ചവച്ച ആളാണ് പന്ത് എന്നു മറക്കരുത്. അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു കളിക്കാരെ ഗ്രൗണ്ടിൽ നിന്നു തിരിച്ചു വിളിക്കാൻ ശ്രമിച്ച പന്തിനെ ആരും മറന്നിട്ടില്ല. ടീമിനെ നയിച്ച രീതിയും, തന്ത്രങ്ങൾ മെനയുന്നതിൽ കാണിച്ച പരിചയക്കുറവും ഒരു ക്യാപ്റ്റൻ എന്ന രീതിയിൽ റിഷബ് പന്തിന് ഒട്ടും ഭൂഷണമല്ല.

രാഹുലിന്റെ പരിക്ക്, തെറ്റായ ടീം സിലക്ഷൻ നടത്തിയ കമ്മിറ്റിക്ക് ഉർവശി ശാപം, ഉപകാരം എന്ന പോലെയാണ്. രാഹുലിന് പകരം ആരെയും എടുക്കാതിരുന്നത്, അത്ഭുതപ്പെടുത്തുന്നില്ല. ഇപ്പോൾ തന്നെ ടീമിൽ ആവശ്യത്തിൽ കൂടുതൽ ബാറ്റേഴ്‌സ് ഉണ്ട്, അവരെ തന്നെ മാറ്റിയും മറിച്ചും ഉപയോഗിക്കാമെന്ന് മാത്രമല്ല, ബെഞ്ചിൽ ഇരിക്കേണ്ടി വരുമായിരുന്നു ഒന്നു രണ്ട് കളിക്കാർക്ക് അവസരം കൊടുക്കുകയും ആകാം!