പോളണ്ടിനു മേൽ ആറാടി ബെൽജിയം, വമ്പൻ ജയം

യുഫേഫ നേഷൻസ് ലീഗിൽ പോളണ്ടിനു എതിരെ വമ്പൻ ജയവുമായി ബെൽജിയം. ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആണ് റോബർട്ടോ മാർട്ടിനസിന്റെ ടീം പോളണ്ടിനെ തകർത്തത്. വലിയ ആധിപത്യം ആണ് മത്സരത്തിൽ ബെൽജിയത്തിന് ഉണ്ടായിരുന്നത്. മത്സരത്തിൽ 28 മത്തെ മിനിറ്റിൽ സെബാസ്റ്റ്യൻ സെയ്നിസാകിയുടെ പാസിൽ റോബർട്ട് ലെവണ്ടോൻസ്കിയുടെ ഗോളിൽ പോളണ്ട് ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. ആദ്യ പകുതിക്ക് മുമ്പ് എന്നാൽ 42 മത്തെ മിനിറ്റിൽ അലക്‌സ് വിറ്റ്സലിലൂടെ ബെൽജിയം മത്സരത്തിൽ ഒപ്പം എത്തി. തിമോത്തി കാസ്റ്റാഗ്നയുടെ പാസിൽ നിന്നു ആയിരുന്നു ബോക്സിന് പുറത്ത് നിന്നുള്ള അടിയിലൂടെ ആയിരുന്നു വിറ്റ്സലിന്റെ ഗോൾ. രണ്ടാം പകുതിയിൽ ബെൽജിയം സമഗ്ര ആധിപത്യം ആണ് കാണാൻ ആയത്. 59 മത്തെ മിനിറ്റിൽ ഏദൻ ഹസാർഡിന്റെ പാസിൽ നിന്നു കെവിൻ ഡിബ്രുയിന ബെൽജിയത്തെ മത്സരത്തിൽ മുന്നിൽ എത്തിച്ചു.

Screenshot 20220609 035504 01

66 മത്തെ മിനിറ്റിൽ ഹസാർഡിനു പകരക്കാരനായി എത്തിയ ലിയാൻഡ്രോ ട്രോസാർഡിന്റെ ഊഴം ആയിരുന്നു പിന്നീട്. രണ്ടു ലോകത്തര ഗോളുകൾ ആണ് താരം നേടിയത്. 73 മത്തെ മിനിറ്റിൽ മിച്ചി ബാത്ഷ്യായുടെ പാസിൽ നിന്നാണ് ട്രോസാർഡ് ആദ്യ ഗോൾ നേടിയത്. തുടർന്ന് 80 മത്തെ മിനിറ്റിൽ യാനിക് കരാസ്‌കോയുടെ കോർണറിൽ നിന്നു അതുഗ്രൻ അടിയിലൂടെ ട്രോസാർഡ് രണ്ടാം ഗോളും നേടി. മൂന്നു മിനിറ്റിനുള്ളിൽ ബെൽജിയം അഞ്ചാം ഗോളും നേടി. യൂരി ടിലിമൻസിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്നുള്ള അടിയിലൂടെ ലിയാണ്ടർ ഡെൻന്റോക്കർ ആണ് അവരുടെ അഞ്ചാം ഗോൾ നേടിയത്. 93 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലോയിസ് ഒപെന്റ ആണ് ബെൽജിയം ജയം പൂർത്തിയാക്കിയത്. മറ്റൊരു പകരക്കാരനായ തോർഗൻ ഹസാർഡിന്റെ പാസിൽ നിന്നായിരുന്നു താരം ഗോൾ നേടിയത്. ഹോളണ്ടിനോട് ഏറ്റ പരാജയത്തിൽ നിന്നു മികച്ച തിരിച്ചു വരവ് ആയി ബെൽജിയത്തിന് ഈ ജയം.