അവസാന ഓവറുകളില്‍ മികച്ച പ്രകടനവുമായി ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 289 റണ്‍സ്

സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോര്‍. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ പ്രകടനത്തിനു ഒപ്പം ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ പ്രകടനങ്ങളാണ് ടീമിനു നിര്‍ണ്ണായകമായത്. 289 റണ്‍സാണ് പരമ്പരയില്‍ വിജയത്തുടക്കത്തിനായി ഇന്ത്യ നേടേണ്ടത്. അവസാന ഓവറുകളില്‍ ഓസ്ട്രേലിയ മത്സരം സ്വന്തം പക്ഷതേക്ക് മാറ്റുകയായിരുന്നു. അവസാന പത്തോവറില്‍ നിന്ന് മാത്രം 93 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.

തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ വരുത്തിയ സമ്മര്‍ദ്ദത്തിനിടയില്‍ അര്‍ദ്ധ ശതകങ്ങള്‍ നേടുവാന്‍ ഉസ്മാന്‍ ഖവാജയ്ക്കും ഷോണ്‍ മാര്‍ഷിനും സാധിച്ചു. മൂന്നാം വിക്കറ്റില്‍ മെല്ലെയെങ്കിലും 92 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഖവാജ 59 റണ്‍സ് നേടി പുറത്തായ ശേഷം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമായി ചേര്‍ന്ന് ഷോണ്‍ മാര്‍ഷ് ടീമിനെ മുന്നോട്ട് നയിച്ചു. അര്‍ദ്ധ ശതകം നേടിയ ഉടനെ മാര്‍ഷ്(54) പുറത്താകുമ്പോള്‍ 186 ആയിരുന്നു സ്കോര്‍.

പിന്നീട് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് അതിവേഗം സ്കോറിംഗ് നടത്തുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 68 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 59 പന്തില്‍ നിന്ന് നേടിയത്. ടീമിനു 288 റണ്‍സാണ് നിശ്ചിത 50 ഓവറുകള്‍ക്ക് ശേഷം 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

61 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ ഹാന്‍ഡ്സ്കോമ്പിനെ ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്. മാര്‍ക്കസ് സ്റ്റോയിനിസ് 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും ഭുവനേശ്വര്‍ കുമാറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് നേടി.