ഓസ്ട്രേലിയയിലെ വലിയ പരാജയം ആത്മാഭിമാനത്തെ മുറിവേല്പിച്ചു

- Advertisement -

ഓസ്ട്രേലിയയിലെ തങ്ങളുടെ വലിയ പരാജയം ടീമിന്റെ ആത്മാഭിമാനത്തെ മുറിവേല്പിച്ചുവെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അലി. ടി20 പരമ്പരയും ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സ് തോല്‍വികളും ഏറ്റുവാങ്ങിയാണ് പാക്കിസ്ഥാന്‍ ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ യുവ പേസ് നിര ഭാവിയിലെ താരങ്ങളായി മാറുമെന്ന് അസ്ഹര്‍ അലി പറഞ്ഞു.

16 വയസ്സുകാരന്‍ നസീം ഷായ്ക്കും 19 വയസ്സുകാരന്‍ മൂസ ഖാനും പാക്കിസ്ഥാന്‍ അവസരം നല്‍കിയിരുന്നു. തങ്ങള്‍ അഭിമാനമുള്ള ക്രിക്കറ്റിംഗ് രാജ്യമാണ്, ഈ തോല്‍വി തങ്ങളുടെ അഭിമാനത്തെ മുറിവേല്പിച്ചുവെന്നും അസ്ഹര്‍ അലി പറഞ്ഞു.

തങ്ങള്‍ക്കാവുന്ന രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും വിചാരിച്ച ഫലമല്ല ലഭിച്ചതെന്ന് അസ്ഹര്‍ പറഞ്ഞു. യുവ പേസര്‍മാര്‍ക്ക് വിചാരിച്ച രീതിയില്‍ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ലോകം അവരെക്കുറിച്ച് സംസാരിക്കുകയാണ്. ഇവരുടെ പേസും ആവശ്യത്തിന് അനുഭവസമ്പത്തും വരുമ്പോള്‍ പാക്കിസ്ഥാന് ശോഭനമായ ഭാവിയാണ് ഉണ്ടാകുകയെന്നും അസ്ഹര്‍ അലി വ്യക്തമാക്കി.

Advertisement