ശതകങ്ങളുമായി അര്‍ജുന്‍ ആസാദും തിലക് വര്‍മ്മയും, പാക്കിസ്ഥാനെതിരെ 60 റണ്‍സ് വിജയവുമായി ഇന്ത്യ

- Advertisement -

അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ ഭാഗമായി ശ്രീലങ്കയില്‍ നടന്ന ഇന്നത്തെ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന് 245 റണ്‍സ് മാത്രമേ നേടാനായുള്ളു. പാക്കിസ്ഥാന്‍ നായകന്‍ രോഹൈല്‍ നസീര്‍ 117 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയപ്പോള്‍ പാക്കിസ്ഥാന്‍ തോല്‍വിയേറ്റ് വാങ്ങി. 43 റണ്‍സ് നേടിയ മുഹമ്മദ് ഹാരിസ് മാത്രമാണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു പാക്കിസ്ഥാന്‍ താരം. ഇന്ത്യയ്ക്കായി അഥര്‍വ അങ്കോലേക്കര്‍ മൂന്നും വിദ്യാധര്‍ പാട്ടില്‍, സുശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി അര്‍ജുന്‍ ആസാദും താക്കുര്‍ തിലക് വര്‍മ്മ നമ്പൂരിയും ശതകങ്ങള്‍ നേടുകയായിരുന്നു. അര്‍ജുന്‍ 121 റണ്‍സും താക്കൂര്‍ 110 റണ്‍സുമാണ് നേടിയത്. 221/1 എന്ന നിലയില്‍ നിന്ന് പിന്നെ തുടരെ വിക്കറ്റുകള്‍ വീണുവെങ്കിലും ഇന്ത്യ 50 ഓവറില്‍ നിന്ന് 305 റണ്‍സ് നേടുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി നസീം ഷാ, മുഹമ്മദ് അബ്ബാസ് അഫ്രീദി എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

Advertisement