പാക്കിസ്ഥാനെതിരെ 23 റണ്‍സിന്റെ ജയം സ്വന്തമാക്കി ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി ശ്രീലങ്ക. തോല്‍വിയോട് ഏഷ്യ കപ്പ് സെമിയില്‍ കടക്കാതെ പാക്കിസ്ഥാന് പുറത്തായി. മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന് ശ്രീലങ്കയെ ബാറ്റിംഗിനയയ്ക്കകുയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 200 റണ്‍സിനു പുറത്താക്കുവാന്‍ പാക്കിസ്ഥാനായെങ്കിലും ടീം ഇന്നിംഗ്സ് 177 റണ്‍സില്‍ അവസാനിച്ചതോടെ മത്സരം 23 റണ്‍സിനു ശ്രീലങ്ക സ്വന്തമാക്കി.
ശ്രീലങ്കയ്ക്കായി 51 റണ്‍സ് നേടി കലന പെരേരയാണ് ടോപ് സ്കോറര്‍. നിപുന്‍ ധനന്‍ജയ(33), നിപുന്‍ മലിംഗ(23), നവോദ് പരണവിതാന എന്നിവരും നിര്‍ണ്ണായകമായ പ്രകടനങ്ങള്‍ നടത്തിയെങ്കിലും 49.4 ഓവറില്‍ ടീം 200 റണ്‍സിനു ഓള്‍ഔട്ട് ആയി. പാക്കിസ്ഥാനായി ശ്രീലങ്കന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത് 6 വിക്കറ്റ് നേടിയ അര്‍ഷാദ് ഇക്ബാല്‍ ആണ്.
42 റണ്‍സുമായി അവൈസ് സഫര്‍ ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. അര്‍ഷദ് ഇക്ബാല്‍ പുറത്താകാതെ 26 റണ്‍സ് നേടിയെങ്കിലും പല താരങ്ങള്‍ക്കും വേഗത്തില്‍ സ്കോര്‍ ചെയ്യാനാകാതെ പോയത് പാക്കിസ്ഥാനു തിരിച്ചടിയായി. ശ്രീലങ്കയ്ക്കായി നവോദ് പരണവിതാന, കല്‍ഹാര സേനാരത്നേ, ദുലിത് വെല്ലാലാഗേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.