താനും സിഡിലും ഓവലിലെ അവസാന ടെസ്റ്റ് കളിച്ചത് പരിക്കുകളോടെ

- Advertisement -

താനും പീറ്റര്‍ സിഡിലും ഓവലില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റ് കളിച്ചത് പരിക്കുകളോടയെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍. തനിക്ക് തള്ള വിരലിനും പീറ്റര്‍ സിഡിലിനു ഇടുപ്പിലും പരിക്കേറ്റിരുന്നുവെന്ന് ടിം പെയിന്‍ വ്യക്തമാക്കി. എന്നാല്‍ ടിം പെയിനിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നും താരം ഉടന്‍ തന്നെ പരിശീലനം ആരംഭിക്കുമെന്നും ഓസ്ട്രേലിയയുടെ മെഡിക്കല്‍ ടീം അറിയിച്ചു. നവംബര്‍ 21ന് പാക്കിസ്ഥാനെതിരെ ഗാബയിലാണ് ഓസ്ട്രേലിയയുടെ  അടുത്ത ടെസ്റ്റ്.

തന്റെ വിരലിന് പൊട്ടലുണ്ടെങ്കിലും അത് അതീവ ഗുരുതരമല്ലെന്നും പതിവിലും നേരത്തെ പരിശീലനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ടിം പെയിന്‍ പറഞ്ഞു. ജെയിംസ് പാറ്റിന്‍സണിനും മിച്ചല്‍ സ്റ്റാര്‍ക്കിനെയും ഒഴിവാക്കിയാണ് പീറ്റര്‍ സിഡിലിനെ ഓവല്‍ ടെസ്റ്റില്‍ തിരഞ്ഞെടുത്തത്. പരിക്കിനെ വകവയ്ക്കാതെയാണ് താരം പന്തെറിഞ്ഞതെന്നും അതിനാല്‍ തന്നെ അത് ഏറെ പ്രശംസനീയമായ കാര്യമാണെന്നും ടിം പെയിന്‍ വ്യക്തമാക്കി.

ഒന്നാം ദിവസമാണ് താരം പരിക്കിന്റെ പിടിയിലാവുന്നത്. താരം വേണ്ടത്ര രീതിയില്‍ പന്തെറിഞ്ഞില്ലെന്ന് ഈ ടെസ്റ്റില്‍ പരക്കെ ആരോപണം ഉയര്‍ന്നുവെങ്കിലും അത് എന്ത് കൊണ്ടാണെന്ന് ടീം മാനേജ്മെന്റിന് വ്യക്തമായിരുന്നു. പലരും ബൗളിംഗ് ദൗത്യം ഈ സാഹചര്യത്തില്‍ ഏറ്റെടുക്കില്ലായിരുന്നു എന്നാല്‍ സിഡിലെന്ന പോരാളി ടീമിന് വേണ്ടി അതിന് തയ്യാറായി. താന്‍ പന്തെറിഞ്ഞില്ലെങ്കില്‍ അത് ജോഷ് ഹാസല്‍വുഡിനും പാറ്റ് കമ്മിന്‍സിനും ആവശ്യമായ വിശ്രമം സാധ്യമാക്കില്ലെന്ന ചിന്തയാണ് പരിക്കിനെ വക വയ്ക്കാതെ ബൗളിംഗ് ചെയ്യാന്‍ സിഡിലിനെ സഹായിച്ചത്.

Advertisement