മികച്ച ഫോമിലാണ് സീസണില്‍ പന്തെറിയുന്നതെങ്കിലും ആഷസിനുള്ള ടീമില്‍ ഇടം പിടിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് ജാക്സണ് ബേര്‍ഡ്. ഓസ്ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് വിക്കറ്റുകള്‍ യഥേഷ്ടം നേടി തിളങ്ങുന്ന ടാസ്മാനിയയുടെ സ്വിംഗ് ബൗളര്‍ക്ക് തന്റെ ഈ പ്രകടനം ഈ വര്‍ഷം അവസാനത്തോട് കൂടി നടക്കുന്ന ആഷസിനു വിളി വരുവാന്‍ പോന്നതാണെന്ന വിശ്വാസം പോര.
തന്നെ തിരഞ്ഞെടുക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് പറഞ്ഞ താരം ഓസ്ട്രേലിയയുടെ പേസ് നിര ഏറെക്കുറെ സുനിശ്ചിതമാണെന്നാണ് അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ തിരഞ്ഞെടുത്ത താരങ്ങളെല്ലാം ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികവ് പുലര്‍ത്തിയ താരങ്ങളാണ്. അതിനാല്‍ തന്നെ ഈ തീരുമാനങ്ങളെല്ലാം അനുയോജ്യമായതാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ജാക്സണ് ബേര്‍ഡ് പറഞ്ഞു.
ഓസ്ട്രേലിയയ്ക്കായി 2012ല്‍ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം 9 ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ജോഷ് ഹാസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ ജോണ്സണ്, റയാന് ഹാരിസ്, പീറ്റര്‍ സിഡില്‍ എന്നീ താരങ്ങള്‍ കളിച്ച കാലഘട്ടത്തിലാണ് ബേര്‍ഡും രംഗത്തെത്തിയത് എന്നതും താരത്തിനു കൂടുതല്‍ കാലം ഓസ്ട്രേലിയയ്ക്കായി കളിക്കുന്നതിനു തടസ്സം സൃഷ്ടിച്ചു.