ജോഫ്രയെ നേരിടുന്നത്, ഡെയില്‍ സ്റ്റെയിനിനെ ന്യൂ ബോളില്‍ നേരിടുന്ന പോലെ

ലീഡ്സില്‍ ഒന്നാം ദിവസം ഓസ്ട്രേലിയയെ 179 റണ്‍സിന് ഇംഗ്ലണ്ട് ചുരുട്ടിക്കെട്ടിയപ്പോള്‍ അതില്‍ ശ്രദ്ധേയമായത് ജോഫ്ര ആര്‍ച്ചറുടെ പ്രകടനമായിരുന്നു. 17.1 ഓവറില്‍ 45 റണ്‍സ് വഴങ്ങി താരം 6 വിക്കറ്റുകളാണ് നേടിയത്. ഫോമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണറുടേതുള്‍പ്പെടെയാണ് ഈ ആറ് വിക്കറ്റുകള്‍. ഇന്നിംഗ്സില്‍ 74 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെയ്ക്ക് പിന്നിലായി വാര്‍ണര്‍ 61 റണ്‍സുമായി നില്‍ക്കുകയായിരുന്നു. കുറേ ഇന്നിംഗ്സുകളിലായി പരാജയം ഏറ്റുവാങ്ങിയ ശേഷമായിരുന്നു വാര്‍ണറുടെ ഈ ഇന്നിംഗ്സ്.

ജോഫ്രയെ നേരിടുന്നത് വളരെ പ്രയാസകരമാണെന്നാണ് വാര്‍ണര്‍ പറഞ്ഞത്. ന്യൂ ബോളുമായി ഡെയില്‍ സ്റ്റെയിന്‍ പന്തെറിയുമ്പോളുള്ള അതേ പ്രഭാവമാണ് ജോഫ്രയുടേതെന്നും വാര്‍ണര്‍ സൂചിപ്പിച്ചു. ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിനെയും വാലറ്റത്തെയും തകര്‍ത്തെറിഞ്ഞാണ് ജോഫ്ര ആര്‍ച്ചര്‍ തന്റെ ആറ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ജോഫ്രയുടെ ലോകോത്തര ബൗളിംഗായിരുന്നുവെന്നും സാഹചര്യങ്ങള്‍ മുതലാക്കി ശരിയായ ദിശകളില്‍ പന്തെറിഞ്ഞ് ഇംഗ്ലണ്ട് മേല്‍ക്കൈ നേടുകയായിരുന്നുവെന്ന് ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.