മൂന്ന് ഡക്കുകള്‍ ഉള്‍പ്പടെ എട്ട് താരങ്ങള്‍ക്ക് ഒറ്റയക്ക സ്കോര്‍, പരിതാപകരം ഓസ്ട്രേലിയയുടെ ബാറ്റിംഗ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആഷസില്‍ ഈ പരമ്പരയിലെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനമായിരുന്നു ഓസ്ട്രേലിയയുടേത് ലീഡ്സില്‍. മുമ്പും സ്റ്റീവ് സ്മിത്ത് ഒഴികെ മുന്‍ നിര താരങ്ങളെല്ലാം വേഗത്തില്‍ പുറത്തായെങ്കിലും വാലറ്റമോ മധ്യനിരയില്‍ ഏതെങ്കിലും ഒരു താരമോ പിടിച്ച് നിന്ന് ഓസ്ട്രേലിയയെ കരകയറ്റിയിരുന്നു മുന്‍ മത്സരങ്ങളില്‍. സ്മിത്തിന്റെ അഭാവത്തില്‍ ടീമിലെത്തിയ മാര്‍നസ് ലാബൂഷാനെ നാലാം നമ്പറില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തുവെങ്കിലും സ്മിത്തിന്റത്ര ആത്മവിശ്വാസം മത്സരത്തില്‍ താരത്തിനുമില്ലായിരുന്നു. എന്നാല്‍ 74 റണ്‍സുമായി മാര്‍നസ് ലാബൂഷാനെ ടോപ് സ്കോറര്‍ ആയി വീണ്ടും ഒരു നാലാം നമ്പറുകാരന്‍ ഈ പരമ്പരയില്‍ ഓസ്ട്രേലിയയുടെ മാനം കളയാതെ കാക്കുന്ന കാഴ്ച ലീഡ്സില്‍ കണ്ടു.

ലാബൂഷാനെയ്ക്ക് പുറമെ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് അര്‍ദ്ധ ശതകവുമായി പൊരുതി നോക്കിയത്. ഇത് വാര്‍ണറുടെ മടങ്ങി വരവിന് ശേഷമുള്ള ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അര്‍ദ്ധ ശതകം ആയിരുന്നു. 61 റണ്‍സ് നേടിയ താരം കഴിഞ്ഞാല്‍ പിന്നെ രണ്ടക്കം എത്തിയത് ക്യാപ്റ്റന്‍ ടിം പെയിന്‍ മാത്രമായിരുന്നു. 11 ആയിരുന്നു പെയിനിന്റെ സ്കോര്‍. പിന്നീടുള്ള ഉയര്‍ന്ന സ്കോര്‍ 8 റണ്‍സ് വീതം നേടിയ മാര്‍ക്കസ് ഹാരിസും ഉസ്മാന്‍ ഖവാജയും ആണ്.

ട്രാവിസ് ഹെഡ്, മാത്യൂ വെയിഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ജെയിംസ് പാറ്റിന്‍സണ്‍ രണ്ട് റണ്‍സും നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ ഓരോ റണ്‍സും നേടി പുറത്തായി.