ബാസ്ബോളിന്റെ രക്ഷക്ക് എത്തി ബ്രൂക്ക്, വോക്‌സ് സഖ്യം, വെടിക്കെട്ടുമായി വുഡ്! ആഷസ് മൂന്നാം ടെസ്റ്റ് ഇംഗ്ലണ്ടിന്

Wasim Akram

Picsart 23 07 09 20 14 28 257
Download the Fanport app now!
Appstore Badge
Google Play Badge 1

ആവേശകരമായ ആഷസ് മൂന്നാം ടെസ്റ്റിൽ മൂന്നു വിക്കറ്റ് ജയം കുറിച്ച് ഇംഗ്ലണ്ട്. ജയത്തോടെ പരമ്പര 2-1 ആക്കി ആഷസ് നേടാനുള്ള അവസരം ഇംഗ്ലണ്ട് നിലനിർത്തി. രണ്ടാം ഇന്നിങ്‌സിൽ 251 റൺസ് എന്ന വിജയലക്ഷ്യവും ആയി ഇറങ്ങിയ ഇംഗ്ലണ്ടിന് ഉച്ചഭക്ഷണത്തിനു ശേഷം 6 വിക്കറ്റുകൾ ബാക്കിയുള്ളപ്പോൾ 98 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഉച്ചഭക്ഷണം കഴിഞ്ഞ ഉടൻ തന്നെ ബെൻ സ്റ്റോക്സിനെ 13 റൺസിനു പുറത്താക്കിയ മിച്ചൽ സ്റ്റാർക് ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം ആണ് നൽകിയത്. ലെഗ് സൈഡിൽ വന്ന പന്തിൽ അനാവശ്യമായി ബാറ്റ് വച്ച സ്റ്റോക്‌സ് അലക്‌സ് കാരിയുടെ കയ്യിൽ വിശ്രമിച്ചു.

ആഷസ്

തുടർന്ന് 5 റൺസ് എടുത്ത ജോണി ബറിസ്റ്റോയെ ക്ലീൻ ബോൾഡ് ചെയ്ത സ്റ്റാർക് ഇംഗ്ലണ്ടിന് അടുത്ത പ്രഹരം നൽകി. ബറിസ്റ്റോയുടെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റിൽ കൊള്ളുക ആയിരുന്നു. 171 നു 6 വിക്കറ്റ് എന്ന നിലയിൽ തുടർന്ന് മികച്ച രീതിയിൽ കളിച്ചു ഇംഗ്ലണ്ടിനെ രക്ഷിക്കുന്ന ഹാരി ബ്രൂക്, ക്രിസ് വോക്‌സ് സഖ്യത്തെ ആണ് പിന്നീട് കാണാൻ ആയത്. ഏഴാം വിക്കറ്റിൽ 59 റൺസ് ആണ് ഇരുവരും കൂടി കൂട്ടിച്ചേർത്തത്. ഇതിനു ഇടയിൽ ടെസ്റ്റിൽ ഏറ്റവും കുറഞ്ഞ ബോളുകൾ നേരിട്ടു 1000 റൺസ് നേടുന്ന താരമായും ഹാരി ബ്രൂക് മാറി.

ആഷസ്

ഒടുവിൽ സ്റ്റാർകിന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ചു 93 പന്തിൽ 75 റൺസ് നേടിയ ബ്രൂക് പുറത്ത് ആവുമ്പോൾ ഇംഗ്ലണ്ടിന് വിജയം 21 റൺസ് മാത്രം അകലെയായിരുന്നു. ഇന്നിങ്‌സിൽ മിച്ചൽ സ്റ്റാർക്കിന്റെ അഞ്ചാം വിക്കറ്റ് ആയിരുന്നു ഇത്. തുടർന്ന് കളത്തിൽ എത്തിയ മാർക് വുഡ് ആദ്യ ഇന്നിങ്‌സിൽ എന്ന പോലെ ഇത്തവണയും വെടിക്കെട്ട് ബാറ്റിങ് ആണ് കാഴ്ച വച്ചത്‌. ഇടക്ക് വുഡിന്റെ ക്യാച്ച് ക്യാരി കൈവിട്ടു. 8 പന്തിൽ 1 സിക്‌സും ഫോറും അടക്കം 16 റൺസ് ആണ് വുഡ് നേടിയത്. അതേസമയം 32 റൺസ് നേടി പുറത്താകാതെ നിന്ന ക്രിസ് വോക്‌സ് ഫോറിലൂടെ ഇംഗ്ലണ്ടിന് നാലാം ദിനം തന്നെ ആവേശജയം സമ്മാനിക്കുക ആയിരുന്നു. ബോളിങ്, ബാറ്റിങ് എന്നിവയിൽ ഒരുപോലെ തിളങ്ങിയ ക്രിസ് വോക്‌സ് തന്നെയായിരുന്നു ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ വിജയശില്പി.