ആഷസ് ഓർമ്മകൾ – പൊരുതി വീണ ബ്രറ്റ് ലീ, ആശ്വാസമായി എത്തിയ ഫ്ലിന്റോഫ്

na

Download the Fanport app now!
Appstore Badge
Google Play Badge 1

എന്നും കെവിൻ പീറ്റേഴ്‌സനോടൊപ്പം ഒരു മോശം പയ്യൻ എന്ന അഭിപ്രായം സമ്പാദിച്ച താരമാണ്‌ ആൻഡ്രൂ ഫ്ലിന്റോഫ്. ക്രിക്കറ്റിലെ മാന്യത പലപ്പോഴും മുമ്പിൽ ഉയർത്തുന്ന ഇംഗ്ലീഷ് കാർക്കിടയിലെ ഒരു പ്രതിഭാസമായിരുന്നു ഫ്ലിന്റോഫ്, ഈഡൻ ഗാർഡനിൽ വന്നു ഫ്ലിന്റോഫ് നടത്തിയ ആഘോഷവും അതിനു സൗരവ് ഗാംഗുലി ലോർഡ്സിൽ നൽകിയ മറുപടിയും എന്നും ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും മറക്കാൻ സാധിക്കുന്ന ഒന്നല്ല. എന്നാൽ വികൃതിക്കും കുഴപ്പങ്ങൾക്കും അപ്പുറം എന്നും ഓസ്‌ട്രേലിയക്ക് മുമ്പിൽ തോൽവി മാത്രം ശീലമാക്കിയ ഒരു ടീമിനെ പൊരുതാൻ ജയിക്കാൻ പഠിപ്പിച്ചത് ഫ്ലിന്റോഫ് ആയിരുന്നു എന്നിടത്ത് ആണ് ഫ്ലിന്റോഫിന് ഇംഗ്ലീഷ് ക്രിക്കറ്റിലെ ആഷസിലെ ഇതിഹാസസമാന സ്ഥാനം കിട്ടുന്നത്. ഒപ്പം എന്ത് വിലകൊടുത്തും ജയിക്കുക എന്നതിനപ്പുറം ശത്രുതയും വെറുപ്പും അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന ആഷസിലെ അല്ല ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പരസ്പരബഹുമാനത്തിന്റെ നിമിഷവും ഫ്ലിന്റോഫ് ആണ് സമ്മാനിച്ചത് എന്നതിലും ഉണ്ട് ചെറിയ വൈരുദ്ധ്യം.

2005 ആഷസ് സീരീസ്, തോൽവി പതിവ് പോലെ ഇംഗ്ലീഷ് തുടർക്കഥയാവുകയാണ്. പോണ്ടിംങ് നയിക്കുന്ന ലാങറും, ഹൈഡനും, ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ഗിൽക്രിസ്റ്റും, മാർട്ടിനും അടങ്ങിയ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർ ഷെയിൻ വോണും ഫാസ്റ്റ് ബൗളർ ഗെയിൻ മഗ്രാത്തും അടങ്ങുന്ന ടീം. കൂടാതെ ബ്രറ്റ് ലീ, ജേസൺ ഗില്ലസ്പി തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്. മുമ്പ് കളിച്ച 22 ൽ 19 തിലും ജയിച്ച് നിൽക്കുന്ന ടീം. ആദ്യ ടെസ്റ്റിൽ വലിയ പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് എല്ലാം പതിവ് പോലെയാണോ എന്ന സൂചന നൽകി. എന്നാൽ എഡ്‌ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് തൊട്ടുമുമ്പ് മഗ്രാത്തിനു പരിക്കേറ്റത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി. ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനു അയക്കപ്പെട്ട ആദ്യ ഇന്നിങ്‌സിൽ ട്രെസ്ക്കോറ്റിക്കും പീറ്റർസനും ഫ്ലിന്റോഫും തകർത്താടിയപ്പോൾ ഇംഗ്ലണ്ട് 407 റൺസ് നേടി. 96 പന്തിൽ നിന്നാണ് ഫ്ലിന്റോഫ് നൂറിലെത്തിയത്. രണ്ടാം ഇന്നിങ്‌സിൽ കരിയറിൽ ആദ്യമായി നേരിട്ട ആദ്യ പന്തിൽ ഹൈഡൻ പുറത്തതായത് ഓസ്‌ട്രേലിയയെ ഞെട്ടിച്ചു. ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ തകർന്നെങ്കിലും പോണ്ടിംങ് അടക്കമുള്ളവരുടെ പോരാട്ടം ഓസ്‌ട്രേലിയക്ക് 308 റൺസ് നൽകി. ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് 99 റൺസ് ലീഡ്.

രണ്ടാം ഇന്നിങ്‌സ് തുടക്കത്തിൽ തന്നെ സ്ട്രോസിനെ നൂറ്റാണ്ടിന്റെ പന്ത് ഓർമ്മിപ്പിച്ച ഒരു പന്തിലൂടെ വീഴ്ത്തിയ വോൺ ഇംഗ്ലീഷ് ബാറ്റിംഗിനെ തകർത്തു. 26 ഓവറിൽ വെറും 46 റൺസ് കൊടുത്ത് 6 വിക്കറ്റ് നേടി വോൺ പതിവ് പോലെ തകർത്താടിയപ്പോൾ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. എന്നാൽ ആദ്യ ഇന്നിങ്‌സിൽ നിർത്തിയ ഇടത്ത് നിന്നു പുതിയ ഇംഗ്ലീഷ് ഇതിഹാസമായ ആൻഡ്രൂ ഫ്ലിന്റോഫ് തോൽക്കാൻ മനസ്സില്ലാതെ പൊരുതിയപ്പോൾ ഓസ്‌ട്രേലിയൻ കണക്ക് കൂട്ടലുകൾ ഒക്കെ തെറ്റി. 86 പന്തിൽ 73 റൺസ് എടുത്ത് ഒറ്റക്ക് പൊരുതിയ ഫ്ലിന്റോഫ് ഇംഗ്ലീഷ് സ്‌കോർ 182 ൽ എത്തിച്ചു. ഓസ്‌ട്രേലിയക്ക് ജയിക്കാൻ 282 റൺസ്. രണ്ടാം ഇന്നിങ്‌സ് തുടക്കത്തിൽ മികച്ച തുടക്കം ലഭിച്ച ഓസ്‌ട്രേലിയ ഇംഗ്ലീഷ് കാണികൾക്ക് ഇടയിൽ നിരാശ പടർത്തി. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ ആദ്യമായി പന്തെടുത്ത ഫ്ലിന്റോഫ് വീണ്ടുമൊരിക്കൽ കൂടി ഓസ്‌ട്രേലിയക്ക് മേൽ തീക്കാറ്റ് ആയി പെയ്തപ്പോൾ ലാംങറും പോണ്ടിംങും ആദ്യ ഓവറിൽ തന്നെ ഫ്ലിന്റോഫിന് ഇരയായി. അതിനു ശേഷം ഇംഗ്ലീഷ് ബോളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആവാതെ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻമാർ ഗാലറിയിൽ എത്തിയപ്പോൾ 137 നു 7 എന്ന നിലയിൽ എത്തിയ ഓസ്‌ട്രേലിയ പരാജയം മുന്നിൽ കണ്ടു. നാലാം ദിനത്തിന്റെ അവസാനപന്തിൽ ടീമിൽ അവശേഷിക്കുന്ന ഏക ബാറ്റ്‌സ്മാൻ ആയ മൈക്കിൾ ക്ലാർക്കിനെയും നഷ്ടമായ ഓസ്‌ട്രേലിയ പരാജയം ഏതാണ്ട് ഉറപ്പിച്ചു. അവസാന ദിനമായ ഞായറാഴ്ച ഓസ്‌ട്രേലിയക്ക് ജയിക്കാൻ 107 റൺസ് കൂടി ഇംഗ്ലണ്ടിന് ആവട്ടെ വെറും രണ്ട് വിക്കറ്റ് അകലെ ചരിത്രജയം.

എന്നാൽ തോൽക്കാൻ മനസ്സില്ലെന്നുറച്ച് ബ്രറ്റ് ലീയും ഷെയിൻ വോണും ബാറ്റ് വീശിയപ്പോൾ ഇംഗ്ലീഷ്കാർ അപകടം മണത്തു. എന്നാൽ ജയത്തിനു 62 റൺസ് അകലെയിരിക്കെ വോൺ വീണപ്പോൾ ഇംഗ്ലീഷ് ജയം വെറും ഒരു വിക്കറ്റ് അകലെയായി. എന്നാൽ ശരീരം കൊണ്ട് പോലും ഫ്ലിന്റോഫിന്റെ പന്തുകൾ നേരിട്ട ബ്രറ്റ് ലീ കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു. കാസ്പറോവിനൊപ്പം ഓരോ റൺ വീതം പതുക്കെ പതുക്കെ നേടി ജയത്തിലേക്ക്‌ ഓസ്‌ട്രേലിയയെ ബ്രറ്റ് ലീ അടുപ്പിച്ചപ്പോൾ ഇംഗ്ലീഷ് ഹൃദയമിടിപ്പ് അതിന്റെ ഉച്ചസ്ഥായിൽ എത്തി. ഇതിനിടയിൽ കാസ്പറോവിന്റെ ക്യാച്ച് കൈവിട്ട സൈമൺ ജോൺസ് ഈ ദിനം ഇംഗ്ലണ്ടിന്റേതല്ലേ എന്ന സംശയം ഉയർത്തി. എന്നാൽ കാസ്പറോവിനെ പുറത്താക്കി ഹാർമിസൺ വെറും 2 റൺസിന്റെ ആവേശവും നാടകീയവുമായ ചരിത്രജയം ഇംഗ്ലണ്ടിന് സമ്മാനിച്ചപ്പോൾ കാണികളും ഇംഗ്ലീഷ് താരങ്ങളും സ്വർഗ്ഗം കണ്ടു. ഭ്രാന്തമായ ആവേശത്തോടെ ഇംഗ്ലീഷ് താരങ്ങൾ കളത്തിൽ ഓടി നടന്നു. ഒന്നരമണിക്കൂർ നീണ്ട അപരാജിതമായ ആ 43 റൺസ് നേടിയ ഐതിഹാസിക പോരാട്ടത്തിനു ശേഷം നിരാശയോടെയും ദുഃഖത്തോടെയും ക്രീസിൽ തളർന്ന് ഇരുന്നു പോയി ബ്രറ്റ് ലീ. എന്നാൽ വിജയാഘോഷത്തിനിടയിലും ലീക്ക് അരികിൽ ഓടിയെത്തിയ ലീയെ ഒപ്പമിരുന്നു ഫ്ലിന്റോഫ് ആശ്വസിപ്പിച്ചത് ഏതൊരു ജയത്തിനുമാപ്പുറമുള്ള സുന്ദരനിമിഷമായി. ലീയെ ആശ്വസിപ്പിക്കുന്ന ഫ്ലിന്റോഫിന്റെ ചിത്രം ക്യാമറയിൽ പതിഞ്ഞപ്പോൾ അത് സ്പോർട്സിലെ, ആഷസിലെ ഏറ്റവും വലിയ ബഹുമാനത്തിന്റെ, ജയത്തിനും തോൽവിക്കും അപ്പുറമുള്ള ആഘോഷമാണ് സ്പോർട്സ് എന്ന സന്ദേശത്തിന്റെ വലിയ നേർചിത്രമായി. ഇന്നും സ്പോർട്സിലെ ബഹുമാനത്തിന്റെ വലിയ പ്രതീകങ്ങളിൽ ഒന്നാണ് എഡ്ബാസ്റ്റണിൽ തകർന്നിരിക്കുന്ന ബ്രറ്റ് ലീയെ ആശ്വസിപ്പിക്കുന്ന ഫ്ലിന്റോഫിന്റെ ആ ചിത്രം.