ഹെയില്‍സിന്റെ മടങ്ങി വരവ് ഇനിയും സാധ്യമാകും, എന്നാല്‍ ആദ്യം മാനേജ്മെന്റിന്റെ വിശ്വാസം നേടണം

മാനേജ്മെന്റിന്റെയും താരങ്ങളുടെയും വിശ്വാസം നേടിയാല്‍ അലെക്സ് ഹെയില്‍സിന് ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ഏകദിന നായകന്‍ ഓയിന്‍ മോര്‍ഗന്‍. ലോകകപ്പിന് തൊട്ടുമുമ്പ് റിക്രിയേഷണല്‍ ഡ്രഗ് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിന് മാനേജ്മെന്റിന്റെ വിശ്വാസം നഷ്ടമായത്.

ടീമിന്റെ മൂല്യങ്ങള്‍ക്ക് എതിരായ കാര്യമെന്നാണ് മോര്‍ഗന്‍ അലെക്സ് ഹെയില്‍സിന്റെ നടപടിയെക്കുറിച്ച് പറഞ്ഞത്. ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിന്റെ ഭാഗമായി വിലയിരുത്തപ്പെട്ട ഹെയില്‍സ് അവസാന നിമിഷം തങ്ങളെ വഞ്ചിച്ചുവെന്നാണ് അന്ന് പൊതുവേ ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് പ്രകടിപ്പിച്ച വികാരം. തങ്ങളുടെ ലോകകപ്പ് പദ്ധതികളെ ഇത് ബാധിച്ചേക്കാമെന്നാണ് ഇംഗ്ലണ്ട് അന്ന് ഭയന്നത്. എന്നാല്‍ പിന്നീട് ഇംഗ്ലണ്ട് കിരീടം നേടുകയായിരുന്നു.

അതിന് ശേഷം ഇതുവരെ ഹെയില്‍സ് ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല. ഹെയില്‍സ് കടുത്ത ശിക്ഷ നേരിട്ട് കഴിഞ്ഞുവെന്നും ഇനി താരത്തിന് അവസരം കൊടുക്കണമെന്നാണ് ഒരു ഭാഗത്ത് നിന്നുയരുന്ന ആവശ്യം. എന്നാല്‍ ഇത് സാധ്യമാകണമെങ്കില്‍ താരം ആദ്യം എല്ലാവരുടെയും വിശ്വാസം വീണ്ടെടുക്കട്ടേ എന്നാണ് മോര്‍ഗന്‍ അഭിപ്രായപ്പെട്ടത്.