രഹാനെയാണ് ഇന്ത്യയുടെ നാലാം നമ്പറിനു അനുയോജ്യനായ താരം

- Advertisement -

ഇന്ത്യയുടെ നാലാം നമ്പറിന് അനുയോജ്യനായ താരം അജിങ്ക്യ രഹാനെയാണെന്ന് അഭിപ്രായപ്പെട്ട് മുന്‍ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലേ. 2018 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഏകദിനം കളിച്ച താരം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ലോകകപ്പിന് മുമ്പ് അമ്പാട്ടി റായിഡുവാണ് നാലാം നമ്പര്‍ താരമെന്ന് കരുതിയെങ്കിലും ലോകകപ്പില്‍ ഇന്ത്യ നാലാം നമ്പറില്‍ ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, ഋഷഭ് പന്ത് എന്നിവരെയാണ് പരീക്ഷിച്ചത്.

2018ല്‍ അമ്പാട്ടി റായിഡുവായിരുന്നു മുന്‍ പന്തിയിലെങ്കിലും 2019ല്‍ താരം ഫോം ഔട്ട് ആയത് താരത്തിന് തിരിച്ചടിയായി. പിന്നീട് വിജയ് ശങ്കറിനെ പരീക്ഷിക്കുമെന്ന കരുതിയെങ്കിലും ലോകകപ്പിലെ സന്നാഹ മത്സരങ്ങളില്‍ താരം പരാജയമായത് ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ലോകേഷ് രാഹുലിന് അവസരത്തിനിടയാക്കി. ശിഖര്‍ ധവാന്റെ പരിക്ക് ലോകേഷ് രാഹുലിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിച്ചപ്പോള്‍ വിജയ് ശങ്കറിനായി നാലാം നമ്പറില്‍ അടുത്ത ഊഴം. താരം പരിക്കേറ്റ് പിന്മാറിയപ്പോള്‍ ഇന്ത്യ ഋഷഭ് പന്തിന് അവസരം നല്‍കി.

ന്യൂസിലാണ്ടിനെതിരെ പരാജയം ഏറ്റുവാങ്ങിയ സെമി മത്സരത്തില്‍ ദിനേശ് കാര്‍ത്തിക് ആണ് നാലാം നമ്പറില്‍ ഇറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ മുന്‍ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ ആവശ്യപ്പെടുന്നത് അജിങ്ക്യ രഹാനെയാണ് ഈ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനെന്നാണ്. സ്ഥിതിഗതികള്‍ അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ അവസരത്തിനൊത്തുയരുന്ന താരമാണ് രഹാനെ എന്നാണ് സഞ്ജയ് പറയുന്നത്. ഏഷ്യയ്ക്ക് പുറത്ത് എന്നും മികവ് തെളിയിച്ചയാളാണ് രഹാനെ എന്നും മുന്‍ സെക്രട്ടറി പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളില്‍ 50 ഓവര്‍ ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു താരമാണ് രഹാനെ. റായിഡുവിനും കാര്‍ത്തിക്കിനും എല്ലാം വേണ്ടത്ര അവസരം ലഭിച്ചുവെങ്കിലും ഇരുവര്‍ക്കും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുവാന്‍ സാധിച്ചിരുന്നില്ലെന്നും സഞ്ജയ് പറഞ്ഞു. ഇക്കാലമത്രയും തെറ്റായ താരങ്ങള്‍ക്ക് വേണ്ടത്ര അവസരങ്ങളാണ് സെലക്ടര്‍മാര്‍ നല്‍കിയതെന്ന് പറഞ്ഞ സഞ്ജയ് ഋഷഭ് പന്തിനെ ആദ്യം മുതല്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നതിനെയും ചോദ്യം ചെയ്തു.

അതേ സമയം രഹാനെയ്ക്ക് പുറമെ ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ടേ എന്നിവര്‍ക്ക് വേണ്ടത്ര അവസരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സഞ്ജയ് വ്യക്തമാക്കി.

Advertisement