വിംബിൾഡനെ വിസ്മയിപ്പിച്ച് വീണ്ടും ഫെഡററും നദാലും

- Advertisement -

40 താമത്തെ തവണ അവർ കണ്ടുമുട്ടി. ഗ്രാന്റ്‌ സ്‌ലാമിലാവട്ടെ ആ കണ്ടുമുട്ടൽ 14 മത്തെ തവണ. എല്ലാത്തിലും മുന്നിൽ നദാൽ തന്നെ, എന്നാൽ പുല്ലിൽ, വിംബിൾഡൺ മൈതാനത്ത് മുന്നിൽ റോജർ ഫെഡറർ തന്നെയായിരുന്നു. 3 തവണ മുമ്പ് ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ 2 തവണ ജയിച്ച ഫെഡറർക്ക് വേണ്ടത് ഒരർത്ഥത്തിൽ ഒരു പ്രതികാരമായിരുന്നു. 2008 ലെ ഇന്നും ലോകം കണ്ട എക്കാലത്തെയും മഹത്തായ ടെന്നീസ് മത്സരം എന്ന് ഖ്യാതി നേടിയ മത്സരത്തിൽ ഏറ്റ തോൽവിക്കുള്ള പ്രതികാരം. മുമ്പ് പക്ഷെ ഒരിക്കലും ഗ്രാന്റ്‌ സ്‌ലാം ഫൈനലിൽ നദാലെ മറികടന്നിട്ടില്ലാത്ത ഫെഡറർക്ക് നദാലിന്റെ പോരാട്ടത്തെയും ഈ വിംബിൾഡനിൽ പുറത്തെടുത്ത പ്രകടനത്തെയും മറികടക്കാൻ ആവില്ല എന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ തന്റെ 13 മത്തെ വിംബിൾഡൺ സെമിഫൈനൽ കളിക്കുന്ന ഫെഡറർ മുമ്പ് ഒരിക്കൽ മാത്രമേ തോൽവി അറിഞ്ഞിട്ടുള്ളു എന്നതും പുൽ മൈതാനത്ത് പ്രത്യേകിച്ച് വിംബിൾഡനിൽ ഫെഡറർ എന്ന പ്രതിഭയുടെ മികവും പലരും വിസ്മരിച്ചു.

എല്ലാ പ്രതീക്ഷകളെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു മത്സരം തുടങ്ങിയത്. ഒരു ഏസിലൂടെ മത്സരം തുടങ്ങിയ ഫെഡറർ സർവീസുകൾ നന്നായി ചെയ്തപ്പോൾ നദാലും വിട്ട് കൊടുത്തില്ല. ഇരു താരങ്ങളും സർവീസ് ഗെയിം സക്തമാക്കിയപ്പോൾ 44 മിനിറ്റിനു ശേഷം ഒരു ടൈബ്രേക്കറിലേക്ക് ആദ്യ സെറ്റ് നീണ്ടു. മുമ്പ് 39 തവണ കണ്ടുമുട്ടിയപ്പോൾ ആദ്യ സെറ്റ് നേടിയ താരം 31 തവണയും ജയം കണ്ടു എന്നതിനാൽ ആദ്യ സെറ്റ് സ്വന്തമാക്കേണ്ടതിന്റെ ആവശ്യകത ഇരു താരങ്ങൾക്കും ബോധ്യമായിരുന്നു. എന്നാൽ 7 മിനിറ്റു നീണ്ട ടൈബ്രേക്കർ ജയിച്ച ഫെഡറർ ആദ്യ സെറ്റ് തന്റെ പേരിലാക്കി. എന്നാൽ രണ്ടാം സെറ്റിൽ നദാൽ തന്റെ മികവിന്റെ എല്ലാ കഴിവുകളും പുറത്തെടുത്താത്തപ്പോൾ ഫെഡറർ തീർത്തും നിഷ്പ്രഭമായി. ആദ്യ സർവീസിൽ രണ്ട് ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ ഫെഡറർക്ക് ആയെങ്കിലും അതിനുശേഷം നദാലിന്റെ സർവീസ് ബ്രൈക്ക് ചെയ്യാൻ കിട്ടിയ അവസരം ഫെഡറർ പാഴാക്കി. പിന്നീട് പിഴവുകൾ വരുത്താൻ ഫെഡററെ നിർബന്ധിതമാക്കിയ നദാൽ ഫെഡററിന്റെ രണ്ട് സർവീസുകൾ തുടർന്ന് രണ്ടാം സെറ്റിൽ ഭേദിച്ച് 37 മിനിറ്റു നീണ്ട സെറ്റ് 6-1 നു സ്വന്തമാക്കി. നദാലിന്റെ പൂർണ ആധിപത്യം കണ്ട രണ്ടാം സെറ്റിൽ കൂടുതലൊന്നും ചെയ്യാൻ ഫെഡറർക്ക് ആയില്ല.

ഓപ്പൺ യുഗത്തിൽ പുൽ മൈതാനത്ത് ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച ചരിത്രമുള്ള റോജർ ഫെഡറർ മത്സരത്തിന്റെ ആധിപത്യം തിരിച്ച് പിടിക്കുന്നതാണ് മൂന്നാം സെറ്റിൽ തുടർന്ന് കണ്ടത്. നന്നായി ആക്രമിച്ച് കളിച്ച ഫെഡറർ നെറ്റ് പോയിന്റുകൾ നിരവധി നേടി. എന്നാൽ കൂടുതൽ കൂടുതൽ ബേസ് ലൈനിലേക്ക് പിറകിലേക്ക് നീങ്ങി നിന്നു കളിക്കുന്ന നദാലിനെ ആണ് മത്സരത്തിൽ അധികവും കണ്ടത്. നിരവധി വലിയ റാലികൾ കണ്ട മൂന്നാം സെറ്റിൽ പക്ഷെ ഈ റാലികൾ അധികവും സ്വന്തമാക്കുന്ന റോജർ ഫെഡററിനെയാണ്‌ കാണാൻ സാധിച്ചത്‌. സെറ്റിൽ നദാലിന്റെ രണ്ടാം സർവീസ് തന്നെ ഭേദിച്ച ഫെഡറർ പിന്നീട് വലിയ അവസരങ്ങൾ ഒന്നും നദാലിന് നൽകിയില്ല. 38 മിനിറ്റിനുള്ളിൽ മൂന്നാം സെറ്റ് 6-3 നു സ്വന്തമാക്കിയ ഫെഡറർ വീണ്ടുമൊരു വിംബിൾഡൺ ഫൈനലിലേക്ക് അടുത്തു.

നാലാം സെറ്റിലും മത്സരത്തിൽ ആധിപത്യം പുലർത്തുന്ന ഫെഡററിനെയാണ് കാണാൻ സാധിച്ചത്. നദാലിന്റെ രണ്ടാമത്തെ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത ഫെഡറർ മത്സരം കയ്യെത്തും ദൂരത്താക്കി. തന്റെ സർവീസിൽ രണ്ടു മാച്ച് പോയിന്റുകൾ രക്ഷിച്ചെടുത്ത നദാൽ എന്നത്തേയും പോലെ അവസാനം വരെ പൊരുതാൻ ഉറച്ച് തന്നെയാണ് കളത്തിൽ നിന്നത്. വിട്ട് കൊടുക്കാതെ നദാൽ തന്റെ പോരാട്ടവീര്യം പ്രകടമാക്കിയപ്പോൾ അവസാന ഗൈമിൽ മാത്രം 3 മാച്ച് പോയിന്റുകൾ ആണ് സ്പാനിഷ് താരം തുടർന്നും രക്ഷിച്ചത്. എന്നാൽ 3 മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനു ഒടുവിൽ 6 മത്തെ മാച്ച് പോയിന്റിൽ സെറ്റ് 6-4 നും മത്സരവും സ്വന്തമാക്കിയ റോജർ ഫെഡറർ ലോക രണ്ടാം നമ്പർ താരത്തിന്റെ പോരാട്ടവീര്യത്തെ ഒടുവിൽ മറികടന്നു. അസാമാന്യ ടെന്നീസ് എന്നത്തേയും പോലെ സമ്മാനിച്ച ഇരു താരങ്ങളെയും നിർത്താത്ത കയ്യടികൾ കൊണ്ടാണ് സെന്റർ കോർട്ട് കാണികൾ യാത്ര അയച്ചത്. 2008 ലെ വിംബിൾഡൺ ഫൈനലിനും ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ സെമിഫൈനൽ തോൽവിക്കുമുള്ള മധുരപ്രതികാരം ആയി ഫെഡറർക്ക് ഈ ജയം. തോറ്റെങ്കിലും തന്റെ ഒരിക്കലും തോൽക്കാൻ മനസ്സില്ലാത്ത പോരാട്ടവീര്യം കൊണ്ട് കയ്യടികൾ നേടി നദാൽ. ഫൈനലിൽ ലോക ഒന്നാം നമ്പറും നിലവിലെ വിംബിൾഡൺ ജേതാവുമായ നൊവാക് ദ്യോക്കോവിച്ച് ആണ് ഫെഡററിന്റെ എതിരാളി.

Advertisement