അജന്ത മെന്‍ഡിസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ശ്രീലങ്കയുടെ മിസ്റ്ററി സ്പിന്നര്‍ അജന്ത് മെന്‍ഡിസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തുടങ്ങിയ സമയത്ത് ക്രിക്കറ്റ് ലോകത്തെ വിസ്മയം കൊള്ളിച്ചുവെങ്കിലും അധിക കാലം തന്റെ മികവ് പുറത്തെടുക്കാതെയാണ് താരം മടങ്ങിയത്. ശ്രീലങ്കയ്ക്കായി 19 ടെസ്റ്റുകളും 87 ഏകദിനങ്ങളും 39 ടി20കളിലും കളിച്ച താരം ശ്രീലങ്കയ്ക്കായി അവസാനം കളിച്ചത് ഡിസംബര്‍ 2015ലാണ്. 2008 ഏഷ്യ കപ്പിലാണ് താരം തന്റെ വരവ് അറിയിച്ചത്.

അന്ന് ഇന്ത്യയ്ക്കെതിരെ കാരം ബോളുകള്‍ ഉള്‍പ്പെടെ പ്രയോഗിച്ച് ആറ് വിക്കറ്റ് നേടിയ താരം ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിയുകയായിരുന്നു. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ബാറ്റ്സ്മാന്മാര്‍ കൂടല്‍ എളുപ്പത്തില്‍ താരത്തെ നേരിടുവാന്‍ തുടങ്ങിയതോടെ പ്രഭാവം കുറഞ്ഞ് അജന്ത് മെന്‍ഡിസ് ടീമില്‍ നിന്ന് പുറത്ത് പോകുകയായിരുന്നു.