ഗെയില്‍ കളിയിലെ താരം, റണ്‍ മഴയ്ക്ക് ശേഷം 21 റണ്‍സ് സ്വന്തമാക്കി ബാല്‍ക്ക് ലെജന്‍ഡ്സ്

ഇരു ടീമുകളിലെ ബാറ്റ്സ്മാന്മാരും ഒട്ടനവധി റെക്കോര്‍ഡുകളും കണ്ട മത്സരത്തില്‍ വിജയം കുറിച്ച് ബാല്‍ക്ക് ലെജന്‍ഡ്സ്. 48 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ ക്രിസ് ഗെയില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരോവറില്‍ ആറ് സിക്സര്‍ പറത്തി ഹസ്രത്തുള്ള സാസായി കാബുളിനു മികച്ച തുടക്കം നല്‍കി. എന്നാല്‍ സാസായി പുറത്തായ ശേഷം മറ്റു താരങ്ങള്‍ക്ക് അതേ വേഗതയില്‍ സ്കോറിംഗ് നടത്തുവാന്‍ സാധിക്കാതെ പോയപ്പോള്‍ 20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് കാബുള്‍ സ്വാനന് നേടാനായത്.

സാസായി 62 റണ്‍സ് നേടി പുറത്തായപ്പോള്‍ 20 പന്തില്‍ നിന്ന് 40 റണ്‍സ് നേടി ഷഹീദുള്ള കമാല്‍, ലൂക്ക് റോഞ്ചി(47), റഷീദ് ഖാന്‍(19), കോളിന്‍ ഇന്‍ഗ്രാം(29) എന്നിവരും അവസാനം വരെ പൊരുതിയെങ്കിലും 21 റണ്‍സ് അകലെ വരെ മാത്രമേ എത്തുവാന്‍ കാബുളിനായുള്ളു. ബാല്‍ക്കിനായി ബെന്‍ ലൗഗ്ലിന്‍ മൂന്ന് വിക്കറ്റ് നേടി. സാസായിയുടെ നിര്‍ണ്ണായക വിക്കറ്റും ഇതില്‍ ഉള്‍പ്പെടും.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാല്‍ക്ക് ലെജന്‍‍ഡ്സ് ക്രിസ് ഗെയില്‍(80), ദില്‍ഷന്‍ മുനവീര(46), ഡാര്‍വിഷ് റസൂലി(50) എന്നിവരോടൊപ്പം മുഹമ്മദ് നബിയും(37) അടിച്ച് തകര്‍ത്താണ് 244/6 എന്ന പടുകൂറ്റന്‍ സ്കോറിലേക്ക് ലെജന്‍ഡ്സ് നേടിയത്.