വിന്‍ഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

ആദ്യ ടി20യില്‍ പരാജയപ്പെട്ടുവെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിജയം കൊയ്ത് വിന്‍ഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 156/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സേ വിന്‍ഡീസിന് നേടാനായുള്ളു. 29 റണ്‍സിന്റെ വിജയം സ്വന്തമാക്കി ടി20 പരമ്പര 2-1ന് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മാനുള്ള ഗുര്‍ബാസ് 52 പന്തില്‍ നിന്ന് 79 റണ്‍സ് നേടി ബാറ്റിംഗ് നെടുംതൂണാവുകയായിരുന്നു. അസ്ഗര്‍ അഫ്ഗാന്‍(24) ഒഴികെ മറ്റു താരങ്ങള്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ വിന്‍ഡീസിന് 156 റണ്‍സില്‍ എതിരാളികളെ ചെറുത്ത് നിര്‍ത്താനായി. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍, കെസ്രിക് വില്യംസ്, കീമോ പോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അഫ്ഗാനിസ്ഥാന്റെ പോലെ വിന്‍ഡീസ് ബാറ്റിംഗ് നിരയിലും രണ്ട് താരങ്ങളാണ് മികവ് പുലര്‍ത്തിയത്. 52 റണ്‍സുമായി ഷായി ഹോപും 24 റണ്‍സ് നേടി എവിന്‍ ലൂയിസും ഒഴികെ ആര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാതെ പോയപ്പോള്‍ വിന്‍ഡീസ് ബാറ്റിംഗിന്റെ താളം തെറ്റി.

അഫ്ഗാനിസ്ഥാന് വേണ്ടി നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റ് നേടി.