മത്സരം 9 ഓവര്‍, ജയം 5 റണ്‍സിന്, ഇന്ത്യയുടെ അപരാജിത കുതിപ്പ് തുടരുന്നു

വിന്‍ഡീസിന്റെ ഹെയ്‍ലി മാത്യൂസ് കളിയിലെ താരമായെങ്കിലും ടീമിന് വിജയം നേടുവാനാകാതെ പോയപ്പോള്‍ വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ തങ്ങളുടെ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. പരമ്പരയില്‍ 4-0ന് മുന്നിലാണ് ഇന്ത്യയിപ്പോള്‍.

നാലാം മത്സരത്തില്‍ മഴ മൂലം മത്സരം 9 ഓവറാക്കി ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് മാത്രമേ നേടാനായുള്ളു. 10 റണ്‍സ് നേടിയ പൂജ വാസ്ട്രാക്കര്‍ ടോപ് സ്കോറര്‍ ആയ ഇന്ത്യന്‍ ഇന്നിംഗ്സില്‍ മറ്റാര്‍ക്കും രണ്ടക്ക സ്കോറിലേക്ക് എത്തുവാന്‍ സാധിച്ചില്ല. താനിയ ഭാട്ടിയ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് നേടിയ ഹെയ്‍ലി മാത്യൂസ് ആണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചത്. എഫി ഫ്ലെച്ചര്‍, ഷെനേറ്റ ഗ്രിമ്മോണ്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഹെയ്‍ലി മാത്യൂസ് 11 റണ്‍സും ചിനെല്ലേ ഹെന്‍റി(11), നടാഷ മക്ലീന്‍(10) എന്നിവര്‍ രണ്ടക്ക സ്കോര്‍ നേടിയെങ്കിലും 9 ഓവറില്‍ നിന്ന് വിന്‍ഡീസിന് 45 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ഇന്ത്യയ്ക്കായി അനൂജ പാട്ടില്‍ 2 വിക്കറ്റ് നേടി.