രണ്ടാം ഇന്നിംഗ്സിലും അഫ്ഗാനിസ്ഥാന് തകര്‍ച്ച, പൊരുതി നിന്ന ജാവേദ് അഹമ്മദിയും അവസാന പന്തില്‍ പുറത്ത്

- Advertisement -

വിന്‍ഡീസിനെതിരെ ദയനീയ ബാറ്റിംഗ് പ്രകടനവുമായി രണ്ടാം ഇന്നിംഗ്സിലും അഫ്ഗാനിസ്ഥാന്‍. ഇന്ന് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിലും ടീമിന് ബാറ്റിംഗ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ഏഴ്വി ക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സില്‍ നില്‍ക്കുന്ന അഫ്ഗാനിസ്ഥാന് മത്സരത്തില്‍ 19 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇപ്പോളുള്ളത്. 62 റണ്‍സ് നേടി ടീമിന്റെഏക പ്രതീക്ഷയായി മാറി ജാവേദ് അഹമ്മദി ഇന്നത്തെ ദിവസത്തെ അവസാന പന്തില്‍ പുറത്തായത് അഫ്ഗാനിസ്ഥാന് വലിയ തിരിച്ചടിയായി.

ആദ്യ ഇന്നിംഗ്സിലെ ഏഴ് വിക്കറ്റ് നേട്ടത്തിനൊപ്പം രണ്ടാം ഇന്നിംഗ്സില്‍ 3 വിക്കറ്റുമായി റഖീം കോര്‍ണ്‍വാല്‍ തന്നെയാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. റോസ്ടണ്‍ ചേസ് മൂന്ന് വിക്കറ്റ് നേടി.  അഹമ്മദിയുടെ വിക്കറ്റും ചേസിനായിരുന്നു.

ജാവേദ് അഹമ്മദി മാത്രമാണ് അഫ്ഗാന്‍ നിരയില്‍ പൊരുതി നിന്നത്. ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 53 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം ടീമിനായി കാഴ്ചവയ്ക്കുമെന്ന് കരുതിയ നിമിഷത്തിലാണ് അഫ്ഗാനിസ്ഥാന്റെ തകര്‍ച്ച. 53/0 എന്ന നിലയില്‍ നിന്ന് 59/4 എന്ന നിലയിലേക്ക് വീണ ടീമിനെ അഞ്ചാം വിക്കറ്റില്‍ നസീര്‍ ജമാലുമായി(15) ചേര്‍ന്ന് അഹമ്മദി കരകയറ്റുമെന്ന് കരുതിയെങ്കിലും 37 റണ്‍സ് നേടിയ കൂട്ടുകെട്ടും വീണതോടെ അഫ്ഗാനിസ്ഥാന്റെ നില പരുങ്ങലിലായി. 23 റണ്‍സ് നേടിയ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ ആണ് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത മറ്റൊരു അഫ്ഗാന്‍ താരം.

Advertisement