സിംബാബ്‍വേയ്ക്ക് രണ്ടാം തോല്‍വി, 28 റണ്‍സ് വിജയം നേടി അഫ്ഗാനിസ്ഥാന്‍

ത്രിരാഷ്ട്ര ടി20 മത്സരത്തില്‍ 28 റണ്‍സിന്റെ വിജയവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 197/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 169 റണ്‍സ് മാത്രമേ നേടാനായുള്ളു. സിംബാബ്‍വേയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. അഫ്ഗാനിസ്ഥാന് വേണ്ടി 30 പന്തില്‍ നിന്ന് 69 റണ്‍സുമായി നജീബുള്ള സദ്രാനും 24 പന്തില്‍ 43 റണ്‍സ് നേടിയ റഹ്മാനനുള്ള ഗുര്‍ബാസും തിളങ്ങിയപ്പോള്‍ 18 പന്തില്‍ 38 റണ്‍സുമായി മുഹമ്മദ് നബിയും തിളങ്ങി. സിംബാബ്‍വേയ്ക്ക് വേണ്ടി ടെണ്ടായി ചതാരയും ഷോണ്‍ വില്യംസും രണ്ട് വീതം വിക്കറ്റ് നേടി.

സിംബാബ്‍വേ ബാറ്റിംഗ് നിരയില്‍ റെഗിസ് ചകാബ്‍വ 22 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ ബ്രണ്ടന്‍ ടെയിലര്‍(26), ടിനോടെണ്ട മുടോംബോഡ്സി(20), റയാന്‍ ബര്‍ള്‍(25) എന്നിവര്‍ക്ക് അധിക നേരം ക്രീസില്‍ നിലയുറപ്പിക്കുവാനാകാതെ പോയത് ടീമിന് തിരിച്ചടിയായി. അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് മാലിക്കും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് സിംബാ‍ബ്‍വേ നേടിയത്.