ഈ ഇംഗ്ലീഷ് സീസണില്‍ ഇനി ആദില്‍ റഷീദ് ഇല്ല

ഇംഗ്ലണ്ട് ക്രിക്കറ്റില്‍ ഈ സീസണില്‍ ഇനി ആദില്‍ റഷീദിന്റെ സേവനം ഉണ്ടാകുകയില്ലെന്ന് ഉറപ്പായി. താരത്തിന് സ്കാനിംഗില്‍ പരിക്കേറ്റുവെന്ന് തെളിഞ്ഞതോടെയാണ് ഇനി റീഹാബിനായി ഏതാനും മാസങ്ങള്‍ പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. 31 വയസ്സുകാരന്‍ യോര്‍ക്ക്ഷയര്‍ സ്പിന്നര്‍ ലോകകപ്പില്‍ തന്നെ കുത്തിവയ്പുകളുടെ സഹായത്തോടെയാണ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ലോകകപ്പിന് ശേഷം യോര്‍ക്ക്ഷയറിനായി കളിക്കാന്‍ താരം എത്തുമെന്നാണ് കരുതിയതെങ്കിലും അതിന് മുമ്പുള്ള പരിശോധനയിലാണ് പരിക്കിന്റെ വ്യാപ്തി മനസ്സിലായത്.

ഇത്തരം കാര്യങ്ങള്‍ സര്‍വ്വ സാധാരണമാണെങ്കിലും തനിക്ക് തന്റെ 13-14 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഇത്തരത്തില്‍ തോളിന് പരിക്കേല്‍ക്കുന്നതെന്ന് ആദില്‍ റഷീദ് വ്യക്തമാക്കി. നവംബറില്‍ നടക്കുന്ന ന്യൂസിലാണ്ട് ടെസ്റ്റ്-ടി20 മത്സരങ്ങള്‍ക്ക് മുമ്പ് പരിക്ക് മാറി തിരിച്ചെത്തുവാനുള്ള ശ്രമത്തിലാവും താരം. ഈ പരമ്പരയ്ക്ക് ശേഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിന് പരമ്പര കളിക്കുവാനുണ്ട്.