എബി ഡി വില്ലിയേഴ്സ് ടി20 ബ്ലാസ്റ്റിന് എത്തും

2019 ടി20 ബ്ലാസ്റ്റില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ അന്താരാഷ്ട്ര താരം എബി ഡി വില്ലിയേഴ്സ് എത്തും. താരത്തെ മിഡില്‍സെക്സ് സ്വന്തമാക്കിയതോടെയാണ് ടൂര്‍ണ്ണമെന്റിന്റെ പുതിയ സീസണില്‍ താരം എത്തുമെന്ന് ഉറപ്പായത്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ചുള്ള തീരുമാനം കൗണ്ടി തന്നെ പുറത്ത് വിടുമെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണില്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി മാത്രമാണ് മിഡില്‍സെക്സ് എത്തിപ്പെട്ടത്. 14 മത്സരങ്ങളില്‍ ടീമിനു 2 വിജയം ആണ് സ്വന്തമാക്കാനായത്.

കഴിഞ്ഞ മേയില്‍ തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ച എബി‍‍ഡി ടി20 ടൂര്‍ണ്ണമെന്റുകളില്‍ സജീവമായി നിലകൊള്ളുകയാണ്. ജൂലൈ മധ്യത്തിലാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ധാക്കയില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ താരം 50 പന്തില്‍ നിന്ന് 100 റണ്‍സ് നേടി ഫോമിലേക്ക് എത്തിയിരുന്നു. എബി ഡി വില്ലിയേഴ്സ് ലോകകപ്പിനായി ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരികെ എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി ക്രിക്കറ്റ് ലോകത്ത് നിലകൊള്ളുന്നുണ്ടെങ്കിലും താരം അതിന്മേല്‍ അഭിപ്രായം പറയുവാന്‍ വിസമ്മതിക്കുകയാണ്.